ന്യൂഡൽഹി : ഉത്തർപ്രദേശിന് പിന്നാലെ ക്രിമിനലുകൾക്കും ഗുണ്ടാസംഘങ്ങൾക്കും എതിരായ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് ഡൽഹിയും. ഡൽഹിയിലെ കിഴക്കൻ കൈലാഷ് പ്രദേശത്ത് ഡൽഹി പോലീസും ഗുരുഗ്രാം ക്രൈം ബ്രാഞ്ചും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ ഭീം ബഹാദൂർ ജോറ കൊല്ലപ്പെട്ടു. പാകിസ്താനിൽ നിന്ന് പ്രവർത്തിക്കുന്ന തട്ടിപ്പുകാർക്ക് ഇടനിലക്കാരായി പ്രവർത്തിച്ചിരുന്ന ഗോഗി, സോനു ഖാർഖരി സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
നേപ്പാളിലെ കൈലാലി ജില്ലയിൽ താമസിക്കുന്ന ഭീം ബഹാദൂർ ജോറ ഇന്ത്യയിൽ നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളി ആയിട്ടുള്ള ആളാണ്.
2024 മെയ് മാസത്തിൽ ഡൽഹിയിലെ ജങ്പുരയിൽ ഡോ. യോഗേഷ് ചന്ദ്ര പോളിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതിയായിരുന്നു ഇയാൾ. പോലീസിന് ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന മേഖലയിൽ പോലീസ് തിരച്ചിൽ നടത്തുകയും ഏറ്റുമുട്ടൽ ഉണ്ടാവുകയും ആയിരുന്നു. തുടർന്ന് പോലീസിന്റെ വെടിയേറ്റ ജോറയെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ കുറ്റവാളികളായ ഗോഗി, സോനു ഖാർഖരി സംഘത്തിലെ മൂന്ന് പേരെ ഔട്ടർ നോർത്ത് ജില്ലാ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കപഷേര നിവാസികളായ ഹൃത്വിക്, ചന്ദൻ, രോഹിത് എന്നിവരാണ് അറസ്റ്റിലായത്. ഒരു ഇറ്റാലിയൻ നിർമ്മിത പിസ്റ്റൾ, രണ്ട് റൗണ്ട് വെടിയുണ്ടകൾ, ഒരു മൊബൈൽ ഫോൺ, ഒരു i20 കാർ എന്നിവ പ്രതികളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകശ്രമം, കവർച്ച, ആയുധ നിയമം എന്നിവയുൾപ്പെടെ ആറ് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post