ഇസ്ലാമാബാദ് : പാകിസ്താനിൽ ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ ആയി ആരംഭിച്ച പ്രകടനങ്ങൾ ഒടുവിൽ പാകിസ്താൻ സർക്കാരിനെതിരെ തന്നെ തിരിഞ്ഞു. ഇസ്ലാമാബാദും ലാഹോറും ഉൾപ്പെടെയുള്ള വിവിധ പ്രധാന നഗരങ്ങളിൽ വലിയ രീതിയിലുള്ള കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കലാപങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ പോലീസ് വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്താൻ എന്ന തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഗാസയിൽ ഇസ്രായേൽ നടത്തിയ കൊലപാതകങ്ങൾക്കെതിരെ ആയിരുന്നു പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നത്. ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും ലാഹോറിലും ഉൾപ്പെടെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകളും തുടരുകയാണ്.
പോലീസ് ആക്രമണങ്ങളിൽ പരിക്കേറ്റ 50ലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോലീസ് പ്രതിഷേധക്കാർക്കെതിരെ തുടർച്ചയായ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തുന്നതായി തെഹ്രീക്-ഇ-ലബ്ബായിക് അറിയിച്ചു.
Discussion about this post