ചണ്ഡീഗഡ് : പഞ്ചാബിൽ ദീപാവലി ദിനത്തിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി കേന്ദ്ര ഏജൻസികളും പോലീസും ചേർന്ന് തകർത്തു. പാകിസ്താൻ ബന്ധമുള്ള രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. കേന്ദ്ര ഏജൻസികളും അമൃത്സർ റൂറൽ പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലൂടെയാണ് ഭീകരരെ കീഴടക്കിയത്. അമൃത്സർ സ്വദേശികളായ മെഹക്ദീപ് സിംഗ് എന്ന മെഹക്, ആദിത്യ എന്ന ആദി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
പോലീസ് അന്വേഷണ റിപ്പോർട്ടിൽ പ്രതികളായ രണ്ടുപേർക്കും പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ ഒരു പ്രവർത്തകനുമായി ബന്ധമുണ്ടായിരുന്നുവെന്ന് പറയുന്നു. ഇയാളാണ് ഇന്ത്യയിലേക്ക് ആയുധങ്ങൾ അയച്ചതെന്നും പോലീസ് എഫ്ഐആർ വ്യക്തമാക്കുന്നു. ഈ ശൃംഖലയിലെ മറ്റ് അംഗങ്ങളെയും അവരുടെ വിദേശ ബന്ധങ്ങളെയും കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
ഭീകരാക്രമണത്തിനായി കരുതിയിരുന്ന ഒരു റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി), മറ്റ് ആയുധങ്ങൾ എന്നിവ പ്രതികളിൽ നിന്നും പിടികൂടിയിട്ടുണ്ട്. ഡ്രോൺ വഴിയാണ് പ്രതികൾക്ക് ആയുധങ്ങൾ ലഭിച്ചതെന്ന് അമൃത്സർ റൂറൽ എസ്‌എസ്‌പി മനീന്ദർ സിംഗ് പറഞ്ഞു. ഇരുവരും 18-19 വയസ്സ് പ്രായമുള്ളവരാണ്. പണം നൽകി പ്രലോഭിപ്പിച്ചാണ് ഇവരെ ഭീകരാക്രമണത്തിനായി നിയോഗിച്ചിരുന്നത്. ആയുധം വിതരണം ചെയ്ത പാകിസ്താൻ ഐഎസ്‌ഐ പ്രവർത്തകനുമായും, നിലവിൽ ഫിറോസ്പൂർ ജയിലിൽ കഴിയുന്ന ഹർപ്രീത് സിംഗ് എന്ന വിക്കിയുമായും പ്രതികൾ ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
Discussion about this post