ബോളിവുഡ് സൂപ്പർതാരം സൽമാൻഖാനെ ഭീകരനെന്ന് വിളിച്ച് പാകിസ്താൻ സർക്കാർ. തീവ്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ഉൾപ്പെടുത്തുന്ന പാകിസ്താന്റെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ (1997) നാലാം ഷെഡ്യൂളിലാണ് സൽമാൻ ഖാന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്.
കർശന നിരീക്ഷണം, യാത്രാ നിയന്ത്രണങ്ങൾ, നിയമനടപടികൾ നേരിടാനുള്ള സാധ്യത എന്നിവയുൾപ്പെടെയുള്ളവ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ സൽമാൻ അഭിമുഖീകരിക്കേണ്ടി വരും. ബലൂചിസ്ഥാൻ ഹോം ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ അറിയിപ്പിൽ അദ്ദേഹത്തെ ‘ആസാദ് ബലൂചിസ്ഥാൻ ഫെസിലിറ്റേറ്റർ’ എന്ന് വിശേഷിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
സൽമാൻഖാന്റെ ബലൂചിസ്ഥാനെ കുറിച്ചുള്ള പരാമർശമാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്. പാകിസ്താനെയും ബലൂചിസ്ഥാനെയും ഒരു ഷോയ്ക്കിടെ താരം പ്രത്യേകം പരാമർശിക്കുകയായിരുന്നു. അമിർഖാനും ഷാരൂഖ് ഖാനുമൊപ്പം റിയാദിൽ നടന്ന ജോയ് ഫോറം 2025 ൽ മദ്ധ്യപൂർവേഷ്യയിൽ ഇന്ത്യൻ സിനിമയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു പരാമർശം. ഒരു ഹിന്ദി സിനിമ സൗദി അറേബ്യയിൽ റിലീസ് ചെയ്താൽ അത് സൂപ്പർ ഹിറ്റാകും. എന്നാൽ തമിഴ്, തെലുങ്ക്, മലയാളം സിനിമ ഉണ്ടാക്കുകയാണെങ്കിൽ, അത് കോടികൾ നേടും. കാരണം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഇവിടെയുണ്ട്. ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്താനിൽ നിന്നുള്ളവരുമുണ്ട്. എല്ലാവരും ഇവിടെ ജോലി ചെയ്യുന്നുവെന്നായിരുന്നു സൽമാൻഖാന്റെ പരാമർശം. ഇത് പാകിസ്താന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയായാണ് അധികൃതർ വിലയിരുത്തിയത്.
അതേസമയം സൽമാന്റെ പരാമർം ഏറ്റെടുത്തിരിക്കുകയാണ് ബലൂച് സ്വാതന്ത്ര്യപോരാളികൾ. താരത്തിന്റെ വാക്കുകൾ അവരുടെ പോരാട്ടത്തിനുള്ള പ്രോത്സാഹനമായും അംഗീകാരമായുമാണ് കാണുന്നത്. ബലൂച് സ്വാതന്ത്ര്യവാദികളുടെ പ്രധാന വക്താവായ മിർ യാർ ബലൂച്, താരത്തിന്റെ വാക്കുകൾ ആറ് കോടി ബലൂച് ജനതയ്ക്ക് സന്തോഷം നൽകിയെന്നും പറയുന്നു.











Discussion about this post