പട്ന : ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി കുളത്തിൽ ചാടി മീൻ പിടിക്കാൻ നടത്തിയ ശ്രമമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബെഗുസാരായിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി അമിത് ഭൂഷണ് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആയിരുന്നു രാഹുൽ ഗാന്ധിയുടെ ഈ വ്യത്യസ്തമായ പ്രകടനം നടന്നത്. സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കൊപ്പം വഞ്ചിയിൽ കുളത്തിലെത്തിയ രാഹുൽ ഗാന്ധി തുടർന്ന് കുളത്തിലേക്ക് ചാടി മീൻ പിടിക്കാനുള്ള ശ്രമം നടത്തിയത് നാട്ടുകാർക്കിടയിൽ വലിയ കൗതുകം സൃഷ്ടിച്ചു.

വികാസ്ഷീൽ ഇൻസാൻ പാർട്ടി ദേശീയ പ്രസിഡന്റ് മുകേഷ് സാഹ്നിയും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. സോണ ചിമ്മിനി ഗ്രൗണ്ടിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത ശേഷം സമീപത്തെ ഒരു വലിയ കുളത്തിൽ നടത്തുന്ന മത്സ്യകൃഷി നിരീക്ഷിക്കാൻ ആയിരുന്നു രാഹുൽഗാന്ധിയും മാധ്യമപ്രവർത്തകരും എത്തിയിരുന്നത്. മേഖലയിലെ ചെറുപ്പക്കാർ ചെറിയ വഞ്ചിയിൽ കുളത്തിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ട രാഹുൽ ഗാന്ധി തനിക്കും അങ്ങനെ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

തുടർന്ന് മുകേഷ് സാഹ്നിക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഒപ്പം രാഹുൽഗാന്ധി വഞ്ചിയിൽ കുളത്തിലേക്ക് പുറപ്പെട്ടു. കുളത്തിൽ ഇറങ്ങി വലവീശി മീൻ പിടിക്കാനുള്ള ശ്രമവും രാഹുൽ ഗാന്ധി നടത്തി. രാഹുൽ ഗാന്ധിയുടെ ഈ പ്രവർത്തികളും അത് കൗതുകത്തോടെ വീക്ഷിക്കുന്ന പ്രദേശവാസികളും ഉൾപ്പെടുന്ന വീഡിയോ വൈറൽ ആയതോടെ രാഹുൽ ഗാന്ധിക്ക് ഒരു മാറ്റവും ഇല്ല എന്നാണ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നത്.









Discussion about this post