തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ചെലവഴിക്കാനായി സംസ്ഥാനത്തേക്ക് കള്ളപ്പണം ഒഴുകുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. വടക്കന്‍ജില്ലകളിലും അതിര്‍ത്തികളിലും പൊലീസും എക്സൈസും വാണിജ്യനികുതി വകുപ്പും നടത്തിയ പരിശോധനകളില്‍ 38.5 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു. റെയില്‍, വ്യോമ മാര്‍ഗങ്ങളിലൂടെ കള്ളപ്പണം എത്തുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വകാര്യ ബസുകളിലും വിമാനങ്ങളിലും കള്ളപ്പണം കടത്തുന്നുണ്ട്. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും പണവിനിയോഗം സൂക്ഷ്മമായി നിരീക്ഷിക്കാനും രഹസ്യാന്വേഷണ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കള്ളപ്പണമൊഴുക്ക് തടയാന്‍ എസ്.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും ഡി.ജി.പി ടി.പി. സെന്‍കുമാര്‍ പറഞ്ഞു.
മലപ്പുറം ജില്ലയില്‍ മാത്രമായി ഏഴുകോടിയിലേറെ രൂപയും 13 കിലോ സ്വര്‍ണവും പിടിച്ചിട്ടുണ്ട്. പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്താന്‍ റെയില്‍വേ സംരക്ഷണസേനയ്ക്കും വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധനയ്ക്ക് സി.ഐ.എസ്.എഫ്, കസ്റ്റംസ്, ആദായനികുതിവകുപ്പ് എന്നിവയ്ക്കും കമ്മിഷന് നിര്‍ദ്ദേശം നല്കി.
കര്‍ണാടകത്തില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കള്ളപ്പണമൊഴുകുന്നത്. കള്ളപ്പണം തടയാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എസ്.പിമാരുടെ സഹായത്തോടെ മൂന്നുവീതം ഫ്ലൈയിംഗ് സ്ക്വാഡുകള്‍ രൂപീകരിച്ച് കര്‍ശനനിരീക്ഷണം നടത്തും. ട്രെയിനുകളിലൂടെയും കള്ളപ്പണമെത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പ്രത്യേക പരിശോധനയ്ക്ക് ആര്.പി.എഫിനോട് നിര്‍ദ്ദേശിച്ചത്.
തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ എയര്‍ ഇന്റലിജന്‍സ് പ്രത്യേക യൂണിറ്റ് പ്രവര്‍ത്തിക്കും. യാത്രക്കാര്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന ഇന്ത്യന്‍ കറന്‍സി 5000 രൂപയാക്കി നിജപ്പെടുത്തും. ചാര്‍ട്ടേഡ് വിമാനങ്ങള്‍, സ്വകാര്യ വിമാനങ്ങള്‍, ഹെലികോപ്ടര്‍ എന്നിവയില്‍ പ്രചാരണത്തിനെത്തുന്നവരെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയമാക്കും.
സ്ഥാനാര്‍ത്ഥികള്‍ പണമിടപാടുകള്‍ക്കായി ബാങ്ക് അക്കൗണ്ട് തുറന്ന് എല്ലാ സംഭാവനകളും അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശിക്കും. ചെലവുകള്‍ക്കുള്ള തുകയും ഈ അക്കൗണ്ടില്‍ നിന്നുതന്നെ പിന്‍വലിക്കണം. സ്ഥാനാര്‍ത്ഥികളുടെ ഇടപാടുകളെക്കുറിച്ച് ബാങ്ക് അധികൃതര്‍ കളക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. സ്വകാര്യ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 10 ലക്ഷത്തില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ അറിയിക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി.
Discussion about this post