ഷാങ്ഹായ് വിമാനത്താവളത്തിൽ ഇന്ത്യൻ പൗരയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ 18 മണിക്കൂറോളം പിടിച്ചുവച്ചുവെന്ന ആരോപണം നിഷേധിച്ച് ചൈന. അതിർത്തി അധികൃതർ ചൈനീസ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി കർശനമായി പ്രവർത്തിച്ചുവെന്നാണ് ചൈനയുടെ വാദം.നവംബർ 21-നായിരുന്നു സംഭവം. യുകെയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ പ്രെമ വാങ്‌ജോം തോങ്‌ഡോക് എന്ന യുവതിയ്ക്കായിരുന്നു ദുരനുഭവം നേരിടേണ്ടി വന്നത്.
എന്നാൽ യുവതിയെ യാതൊരു നിർബന്ധിത നടപടികൾക്കോ തടങ്കലിനോ പീഡനത്തിനോ വിധേയമാക്കിയിട്ടില്ലെന്നാണ് സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് വ്യക്തമാക്കിയത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും വിമാനക്കമ്പനി യുവതിക്ക് വിശ്രമിക്കാൻ സ്ഥലം ഒരുക്കുകയും ഭക്ഷണവും വെള്ളവും നൽകുകയും ചെയ്തിരുന്നുവെന്നും മാവോ നിങ് വ്യക്തമാക്കി
ചൈന സങ്നാൻ അല്ലെങ്കിൽ സൗത്ത് ടിബറ്റ് എന്ന് വിളിക്കുന്ന അരുണാചൽ പ്രദേശിന് മേലുള്ള ചൈനയുടെ പ്രദേശിക അവകാശവാദങ്ങളും മാവോ നിങ് ആവർത്തിച്ചു. ‘സങ്നാൻ ചൈനയുടെ പ്രദേശമാണ്. ഇന്ത്യ നിയമവിരുദ്ധമായി സ്ഥാപിച്ച അരുണാചൽ പ്രദേശിനെ ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നായിരുന്നു മാവോ നിങ്ങിന്റെ പരാമർശം.
അതേസമയം ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രാമധ്യേ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ ട്രാൻസിറ്റ് ഉണ്ടായിരുന്ന പ്രെമ വാങ്‌ജോം തോങ്‌ഡോക് എന്ന യുവതി സോഷ്യൽമീഡിയയിലൂടെയാണ് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. ഇമിഗ്രേഷൻ കൗണ്ടറിലെ ഉദ്യോഗസ്ഥർ ഇന്ത്യൻ പാസ്‌പോർട്ടിന് സാധുതയില്ലെന്ന് പറഞ്ഞു. തുടർന്ന് മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും ചെയ്തെന്ന് യുവതി പറയുന്നു. പാസ്‌പോർട്ടിൽ ജന്മസ്ഥലമായി അരുണാചൽപ്രദേശ് രേഖപ്പെടുത്തിയിരിക്കുന്നതാണ് ചൈനീസ് അധികൃതരെ പ്രകോപിപ്പിച്ചത്. അരുണാചൽപ്രദേശ് ചൈനയുടെ ഭാഗമാണ്. അതുകൊണ്ട് ചൈനീസ് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും യുവതി പറയുന്നു.









Discussion about this post