കൊളംബോ : കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന ശ്രീലങ്കയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 50ലധികം പേരാണ് മരിച്ചത്. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ 10 ദിവസമായി ശക്തമായ മഴയാണ് ശ്രീലങ്കയിൽ തുടരുന്നത്. നിരവധി പ്രദേശങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. 600ലധികം വീടുകൾ പൂർണ്ണമായും തകർന്നു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം ശ്രീലങ്കയിൽ 37 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 17 ജില്ലകളിലായി 5,893-ലധികം ആളുകളെ മഴയും വെള്ളപ്പൊക്കവും സാരമായി ബാധിച്ചിട്ടുണ്ട്. ന്യൂനമർദ്ദത്തെ തുടർന്ന് ഉണ്ടായ കനത്ത മഴയാണ് ശ്രീലങ്കയിൽ വെള്ളപ്പൊക്കത്തിനും വ്യാപകമായ മണ്ണിടിച്ചിലിനും കാരണമായത്.
ശ്രീലങ്കയിലെ പ്രധാന തേയില ഉൽപാദന കേന്ദ്രങ്ങൾ ആയ ബദുള്ള, നുവാര ഏലിയ എന്നിവിടങ്ങളിൽ കനത്ത മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് വലിയ രീതിയിലുള്ള കൃഷിനാശവും മറ്റു നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മിക്ക നദികളും ജലസംഭരണികളും കരകവിഞ്ഞൊഴുകുകയും നിരവധി റോഡുകൾ തടസ്സപ്പെടുകയും ചെയ്തു. ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കുന്നതിനാൽ അടുത്ത 48 മണിക്കൂർ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ശ്രീലങ്കൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.










Discussion about this post