മറ്റുള്ളവരെ ഉൾക്കൊള്ളാൻ വേണ്ടി സ്വന്തം ബാറ്റിംഗ് സ്ഥാനം ഉപേക്ഷിക്കരുതെന്ന് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടി20 നായകൻ സൂര്യകുമാർ യാദവിനോട് ഉപദേശിച്ചു. ഡിസംബർ 9 ന് കട്ടക്കിൽ ആരംഭിക്കാൻ പോകുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്ക് മുന്നോടിയായി അദ്ദേഹത്തിന്റെ പരാമർശങ്ങൾ ചർച്ചയാകുകയാണ്.
അവസാന 15 ഇന്നിംഗ്‌സുകളിൽ നിന്ന് 15.33 എന്ന മോശം ശരാശരിയിൽ 184 റൺസ് മാത്രം നേടിയ സൂര്യകുമാർ അത്ര മികച്ച ഫോമിൽ അല്ല ഇപ്പോൾ കളിക്കുന്നത്. അതേസമയം ഇന്ത്യ ബാറ്റിംഗ് ഓർഡറിൽ പരീക്ഷണം നടത്തിയപ്പോൾ മൂന്നാം സ്ഥാനത്തിനും നാലാം സ്ഥാനത്തിനും ഇടയിൽ സൂര്യകുമാറും കസേരകളികൾ നടത്തുന്ന കാഴ്ചയും കാണാൻ സാധിച്ചു.
“സൂര്യ വളരെ തുറന്ന മനസ്സുള്ള, ഒരു ആൾ ആണെന്നും ടീമിനായി ധാരാളം നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ഞാൻ കരുതുന്നു. വളരെ നിസ്വാർത്ഥനായ വ്യക്തിയാണ് അവൻ. ബാറ്റിംഗ് ഓർഡറിൽ മറ്റുള്ളവരെ ഉൾക്കൊള്ളാൻ സ്വന്തം സ്ഥാനം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറാണ്. ലോകകപ്പിന് മുമ്പ് ഞാൻ എന്തായാലും അതൊന്നും കാണാൻ ആഗ്രഹികുന്നില്ല. ഞാൻ വെറുക്കുന്ന കാര്യമാണിത്.”
“ഇന്ത്യൻ ടീം വളരെ ശക്തവും ഭയപ്പെടുത്തുന്നതുമായ ഒരു സംഘമാണ്. വളരെയധികം സ്വാതന്ത്ര്യത്തോടെ കളിക്കുന്ന ഇന്ത്യൻ സംഘം എതിരാളികൾക്ക് ഭീഷണികൾ സൃഷ്ടിക്കും. അതിനാൽ ഞാൻ കാണാൻ ആഗ്രഹിക്കുന്ന അവസാന കാര്യം ബാറ്റിംഗ് ഓർഡറിലെ അനാവശ്യ മാറ്റവും ഒരു പ്രത്യേക ഗെയിമിൽ ആരെ എവിടെ കളിപ്പിക്കണം എന്ന് അറിയാത്ത ആളുകളെയുമാണ്. അടുത്ത കുറച്ച് മാസങ്ങളിൽ ഇത് ഒഴിവാക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.
2026 ടി20 ലോകകപ്പ് ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കും.












