ന്യൂഡൽഹി : ഡൽഹി മെട്രോ സ്റ്റേഷനിൽ നിന്നും ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി ഒടുവിൽ പിടിയിൽ. ഏഴു മാസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. പ്രതിയായ യുവതിയെ കുറിച്ച് ദൃക്സാക്ഷികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഒരു രേഖാചിത്രം മാത്രമായിരുന്നു തെളിവായി പോലീസിന്റെ കൈവശം ഉണ്ടായിരുന്നത്. എന്നാൽ ഈ യുവതിയെക്കുറിച്ച് പിന്നീട് യാതൊരു വിവരങ്ങളും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടി നിൽക്കുകയായിരുന്നു. ഒടുവിൽ, സമൂഹമാധ്യമങ്ങളിൽ റീൽസ് ഇടുന്ന പ്രതിയുടെ സ്വഭാവമാണ് അറസ്റ്റിലേക്ക് നയിച്ചത്.
ഡൽഹിയിലെ സീലംപൂർ മെട്രോ സ്റ്റേഷനിൽ നിന്ന് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഉത്തർപ്രദേശിലെ മഹോബയിൽ നിന്നുമാണ് പ്രതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയതായി യുവതി കുറ്റസമ്മതം നടത്തി. കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂൺ നാലിന് നടന്ന സംഭവത്തിൽ ശാസ്ത്രി പാർക്ക് മെട്രോ സ്റ്റേഷൻ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം നടത്തിയിട്ടും, പ്രതിയെക്കുറിച്ചോ കുട്ടിയെക്കുറിച്ചോ വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്തതിനാൽ കേസ് മെട്രോയുടെ എടിഎസ് യൂണിറ്റിലേക്ക് മാറ്റി.
സീലംപൂരിനു ചുറ്റുമുള്ള ആളുകളിൽ നിന്ന് പോലീസ് സംഘം പ്രതിയായ സ്ത്രീയുടെ രേഖാചിത്രം തയ്യാറാക്കി. ഈ രേഖാചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മാസങ്ങൾക്ക് ശേഷം, അതേ രൂപത്തിലുള്ള ഒരു സ്ത്രീ സമൂഹമാധ്യമങ്ങളിൽ റീൽസുകൾ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് ഈ സമൂഹമാധ്യമ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും, ഉത്തർപ്രദേശിലെ മഹോബയിൽ ഉള്ള ഒരു സ്ഥലം പോലീസ് കണ്ടെത്തി. പോലീസ് അവിടെ എത്തി. ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം, ദേവകി എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് താൻ തന്നെയാണെന്നും ഒന്നര ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റു എന്നും ദേവകി മൊഴി നൽകി.
കുഞ്ഞിനെ പണം കൊടുത്ത് വാങ്ങിയ ദമ്പതികളെയും കണ്ടെത്തി അറസ്റ്റ് ചെയ്ത പോലീസ് കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളെ തിരികെ ഏൽപ്പിച്ചു. 40 വയസ്സുള്ള ധീർ സിങ്ങും ഭാര്യ ബനീതയും ആണ് കുഞ്ഞിനെ പണം കൊടുത്ത് വാങ്ങിയിരുന്നത്. നാലു പെൺകുട്ടികളുടെ മാതാപിതാക്കളാണ് ഇവർ. ഒരു ആൺകുഞ്ഞ് വേണമെന്ന ആഗ്രഹം സാധിക്കാതിരുന്നതോടെയാണ് ഇവർ ഒരു ആൺകുഞ്ഞിനെ പണം നൽകി വാങ്ങാൻ ശ്രമിച്ചത്. ഡൽഹിയിലെ ആര്യനഗറിൽ താമസിച്ചിരുന്ന ദമ്പതികളെ ഗൂഢാലോചനയും ചെറിയ കുഞ്ഞിനെ വിൽപ്പന നടത്തുകയും ചെയ്ത ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.









Discussion about this post