പി.ടി കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന വെളിപ്പെടുത്തലുമായി അതിജീവിത. പി ടി കുഞ്ഞുമുഹമ്മദിനായി പലരും ഇടനിലക്കാരാകുന്നുവെന്ന് അതിജീവിത ആരോപിക്കുന്നു.
കുഞ്ഞുമുഹമ്മദിൻറെ പ്രായം പരിഗണിച്ച് കേസിൽ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാർ ആവശ്യപ്പെടുന്നത്. ഈ സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിയുന്നില്ലെന്നും പരാതിക്കാരിയായ ചലച്ചിത്ര പ്രവർത്തക പറയുന്നു.
‘എന്തിന് പരാതിയുമായി മുന്നോട്ട് പോകണം. കുഞ്ഞുമുഹമ്മദിന് പ്രായവും ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. ആരോഗ്യ സ്ഥിതി പരിഗണിച്ച് പരാതിയിൽ നിന്നും പിന്മാറിക്കൂടെ എന്നാണ് ചോദിക്കുന്നത്. ഈ സമ്മർദ്ദം താങ്ങാനാവാത്തതാണ്. തുടക്കം മുതൽ പോലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് നിലകൊണ്ടെത്. പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകി. പലതവണ പൊലീസിൽ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ല. ഒടുവിൽ മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. കേസ് എടുക്കുന്നത് മനഃപൂർവം വൈകിപ്പിച്ചുവെന്നും കേസ് എടുത്തിട്ടും മുൻകൂർ ജാമ്യം കിട്ടുന്നത് വരെ സമയം അനുവദിച്ചുവെന്നും അതിജീവത കുറ്റപ്പെടുത്തി
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ, സർക്കാരിനും പോലീസിനും എതിരെ രൂക്ഷവിമർശനവുമായി വുമൺ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തിയിരുന്നു. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുന്നതിൽ ഭരണസംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നും പീഡകരെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും ഡബ്യൂസിസി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരോപിച്ചിരുന്നു.
മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സെലക്ഷൻ സ്‌ക്രീനിങ്ങിനിടെയാണ് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി.








