വെനസ്വേലൻ പ്രസിഡന്റിനെ യുഎസ് പിടികൂടിയത് ചൂണ്ടിക്കാട്ടി ഒവൈസി നടത്തിയ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ഇന്ത്യയുടെ വിദേശനയത്തെയും സൈനിക കരുത്തിനെയും പരിഹസിക്കുന്ന ഇത്തരം പ്രസ്താവനകൾ ഒവൈസിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി വക്താക്കൾ പ്രതികരിച്ചു.
പാകിസ്താൻ്റെ അതിർത്തി ലംഘനങ്ങൾക്ക് ‘ഓപ്പറേഷൻ സിന്ദൂർ’ വഴി ഇന്ത്യ ഇതിനകം തന്നെ കടുത്ത മറുപടി നൽകിയിട്ടുണ്ടെന്ന് ബിജെപി ഓർമ്മിപ്പിച്ചു.ട്രംപിനെയും മഡുറോയെയും ഉദാഹരണമാക്കി ഇന്ത്യയെ വെല്ലുവിളിക്കുന്നത് വെറും വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. പാകിസ്താനെ ഒരു ‘പരാജയപ്പെട്ട രാജ്യം എന്ന് വിളിക്കാൻ പോലും ഒവൈസിക്ക് ധൈര്യം വന്നത് മോദി ഭരണത്തിന് കീഴിലാണെന്ന് നേതാക്കൾ പരിഹസിച്ചു. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ട് തന്നെ ഭീകരതയെ നേരിടാൻ ഇന്ത്യയ്ക്ക് അറിയാം. മുംബൈ ആക്രമണത്തിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നയതന്ത്രപരമായും സൈനികമായും ഇന്ത്യ നടത്തുന്ന നീക്കങ്ങൾ ഒവൈസി കാണുന്നില്ലേയെന്നും ബിജെപി ചോദിച്ചു.
പ്രധാനമന്ത്രിയുടെ 56 ഇഞ്ച് നെഞ്ചളവിനെ പരിഹസിച്ച ഒവൈസിക്ക്, സർജിക്കൽ സ്ട്രൈക്കിലൂടെയും ബാലാക്കോട്ടിലൂടെയും അത് തെളിയിക്കപ്പെട്ടതാണെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ഉൾപ്പെടെയുള്ളവർ മറുപടി നൽകി.
ട്രംപിന് വെനസ്വേലയിൽ കടന്നുചെന്ന് മഡുറോയെ പിടിക്കാമെങ്കിൽ ഇന്ത്യയ്ക്ക് പാകിസ്താനിലേക്കും കടന്നുചെല്ലാമെന്നായിരുന്നു എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ ചോദ്യം. ഡൊണാൾഡ് ട്രംപിന് വെനസ്വേലയിൽ പോയി ആ രാജ്യത്തിന്റെ പ്രസിഡന്റിനെ പിടിച്ചുകൊണ്ടുവരാമെങ്കിൽ, മോദിക്ക് എന്തുകൊണ്ട് പാകിസ്താനിൽ പോയി 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ കൊണ്ടുവന്നുകൂടാ എന്ന് ഒവൈസി ചോദിച്ചു.
“മോദിജി, നിങ്ങൾക്ക് 56 ഇഞ്ച് നെഞ്ചളവ് ഉണ്ടെന്നാണ് പറയുന്നത്. എങ്കിൽ പാകിസ്ഥാനിലേക്ക് സൈന്യത്തെ അയക്കൂ. മുംബൈയിൽ നിരപരാധികളെ കൊന്നൊടുക്കാൻ ഗൂഢാലോചന നടത്തിയ മസൂദ് അസറിനെയും ലഷ്കർ-ഇ-തൊയ്ബയുടെ ക്രൂരന്മാരായ പിശാചുക്കളെയും അവിടെ നിന്ന് പിടിച്ചുകൊണ്ടുവരൂ,” ഒവൈസി പറഞ്ഞു.സൗദി അറേബ്യ യമനിലെ വിഘടനവാദി ക്യാമ്പുകളിൽ ആക്രമണം നടത്തുന്നതും ഒവൈസി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. മറ്റ് രാജ്യങ്ങൾ സ്വന്തം താല്പര്യത്തിനായി അതിർത്തി കടന്ന് നടപടിയെടുക്കുമ്പോൾ ഇന്ത്യ എന്തുകൊണ്ട് മടിക്കുന്നു എന്നാണ് അദ്ദേഹം ചോദിക്കുന്നത്.








