ആഗോള ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് പുതിയ ചരിത്രമെഴുതി ഭാരതം. ആപ്പിൾ കമ്പനി ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്. 2025-ൽ മാത്രം 50 ബില്യൺ ഡോളറിന്റെ (ഏകദേശം 4.51 ലക്ഷം കോടി രൂപ) ഐഫോണുകളാണ് ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് അയച്ചതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു.
പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴിൽ ഭാരതം ഒരു ഉപഭോക്തൃ രാജ്യത്തിൽ നിന്ന് ആഗോള ഉൽപ്പാദന കേന്ദ്രമായി മാറുകയാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചു. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ തന്നെ 16 ബില്യൺ ഡോളറിന്റെ കയറ്റുമതി പിന്നിട്ടതായും അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രോണിക്സ് ഉൽപ്പാദനം കഴിഞ്ഞ 11 വർഷത്തിനിടെ 6 മടങ്ങ് വർദ്ധിച്ചപ്പോൾ, കയറ്റുമതി 8 മടങ്ങാണ് കുതിച്ചുയർന്നത്.
ആപ്പിളിന്റെ ഈ ചുവടുമാറ്റം ഇന്ത്യൻ തൊഴിൽ വിപണിയിൽ വൻ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏകദേശം 3,50,000 നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങളാണ് ആപ്പിൾ വഴി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്. നിലവിൽ ഇന്ത്യയിൽ അഞ്ച് ഐഫോൺ ഫാക്ടറികളാണുള്ളത്. ഇതിൽ മൂന്നെണ്ണം ടാറ്റ ഗ്രൂപ്പും രണ്ടെണ്ണം ഫോക്സ്കോണുമാണ് പ്രവർത്തിപ്പിക്കുന്നത്. എംഎസ്എംഇകൾ ഉൾപ്പെടെ 45-ഓളം ഇന്ത്യൻ കമ്പനികൾ ഈ വിതരണ ശൃംഖലയുടെ ഭാഗമാണ് എന്നതും സ്വദേശി നിർമ്മാണത്തിന് കരുത്തേകുന്നു.
സ്മാർട്ട്ഫോണുകൾക്ക് പുറമെ ലാപ്ടോപ്പുകൾ, സെർവറുകൾ എന്നിവയുടെ നിർമ്മാണത്തിലും ഇന്ത്യ വൻ മുന്നേറ്റമാണ് നടത്തുന്നത്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ഇടംപിടിച്ചു കഴിഞ്ഞു. കൂടാതെ, ഈ വർഷം നാല് സെമികണ്ടക്ടർ പ്ലാന്റുകൾ കൂടി വാണിജ്യ ഉൽപ്പാദനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇത് ആഗോള ചിപ്പ് വിപണിയിൽ ഭാരതത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കും.
ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ആപ്പിൾ ഇന്ത്യയെ തിരഞ്ഞെടുത്തത് ഭാരതത്തിന്റെ ആഗോള പ്രതിച്ഛായ വർദ്ധിപ്പിച്ചു. വൻതോതിലുള്ള വിദേശനാണ്യം രാജ്യത്തേക്ക് ഒഴുകുന്നത് ഇന്ത്യൻ രൂപയെ കരുത്തുറ്റതാക്കും.ടാറ്റ പോലുള്ള ഇന്ത്യൻ കമ്പനികൾ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത് ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് മുതൽക്കൂട്ടാണ്. ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓരോ ചുവടുവെപ്പും ഫലം കാണുന്നു എന്നതിന്റെ തെളിവാണ് ആപ്പിളിന്റെ ഈ റെക്കോർഡ് കയറ്റുമതി.










Discussion about this post