വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിനെത്തുടർന്ന് രാജ്യം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ഈ സാഹചര്യത്തിൽ വൈസ് പ്രസിഡന്റും പെട്രോളിയം മന്ത്രിയുമായ ഡെൽസി റോഡ്രിഗസ് രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കാരക്കാസിലെ നാഷണൽ അസംബ്ലിയിൽ വെച്ചാണ് ഡെൽസി റോഡ്രിഗസ് അധികാരമേറ്റത്. അന്തരിച്ച വെനിസ്വേലൻ നേതാവ് ഹ്യൂഗോ ഷാവേസിന്റെ നാമത്തിലാണ് അവർ സത്യപ്രതിജ്ഞ ചെയ്തത്. നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്കൻ സൈന്യം കടത്തിക്കൊണ്ടുപോയതാണെന്നും അവർ ഇപ്പോൾ അമേരിക്കയിൽ ബന്ദികളാണെന്നും ഡെൽസി ആരോപിച്ചു. മയക്കുമരുന്ന്, ആയുധക്കടത്ത് കേസുകളിലാണ് മഡുറോയെ ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കിയത്.
വെനിസ്വേലയുടെ നിയന്ത്രണം താൽക്കാലികമായി ഏറ്റെടുക്കുമെന്നും ആവശ്യമെങ്കിൽ സൈന്യത്തെ വിന്യസിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. എന്നാൽ ഡെൽസി റോഡ്രിഗസിനെ ഒരു ‘പ്രൊഫഷണൽ വർക്കിംഗ് പാർട്ണർ’ ആയി കാണാൻ അമേരിക്ക തയ്യാറാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മഡുറോയുടെ മകൻ നിക്കോളാസിറ്റോ മഡുറോ ഗുവേര ഡെൽസിക്ക് തന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഭരണകക്ഷിക്കുള്ളിൽ വലിയ ഭിന്നതകളില്ലാതെ അധികാരം കൈമാറാൻ ഇത് സഹായിച്ചു.









Discussion about this post