ബഹിരാകാശ ഗവേഷണ രംഗത്ത് ലോകത്തിന് മാതൃകയായി ഭാരതം വീണ്ടും ചരിത്രം കുറിക്കുന്നു. ഐഎസ്ആർഒയുടെ എക്സ്പോസാറ്റ് ദൗത്യത്തോടൊപ്പം അയച്ച ‘ഡസ്റ്റ് എക്സ്പിരിമെന്റ്’ എന്ന ഉപകരണം ബഹിരാകാശത്തെ അത്യന്തം അപകടകാരികളായ കോസ്മിക് ധൂളികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടു. ഭാരതം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ‘കോസ്മിക് ഡസ്റ്റ് ഡിറ്റക്ടർ’ ആണിത്.
ഭൂമിക്ക് മുകളിൽ 350 കിലോമീറ്റർ ഉയരത്തിൽ വെച്ച് നടത്തിയ നിരീക്ഷണത്തിൽ, ഓരോ 1000 സെക്കൻഡിലും (ഏകദേശം 17 മിനിറ്റ്) അതിവേഗത്തിലുള്ള സൂക്ഷ്മധൂളികൾ ഭാരതീയ ഉപകരണങ്ങളിൽ വന്ന് ഇടിക്കുന്നുണ്ടെന്ന് ഡെക്സ് കണ്ടെത്തി.
വാൽനക്ഷത്രങ്ങളുടെ വാലിൽ നിന്നുള്ള അവശിഷ്ടങ്ങളും ഛിന്നഗ്രഹങ്ങളുടെ കൂട്ടിയിടിയിൽ നിന്നുണ്ടാകുന്ന മൈക്രോസ്കോപ്പിക് കണങ്ങളുമാണ് ഇവ. മണൽത്തരിയേക്കാൾ ചെറുതാണെങ്കിലും അതിവേഗത്തിൽ സഞ്ചരിക്കുന്ന ഇവ ഉപഗ്രഹങ്ങളുടെ സോളാർ പാനലുകൾക്കും ഒപ്റ്റിക്സ് സംവിധാനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ളവയാണ്.
അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി (PRL) വികസിപ്പിച്ചെടുത്ത വെറും 3 കിലോഗ്രാം മാത്രം ഭാരമുള്ള ഉപകരണമാണ് ഡെക്സ്. 2024 ജനുവരി 1-ന് വിക്ഷേപിച്ച ഈ ഉപകരണം ഫെബ്രുവരി 9 വരെ കൃത്യമായ സിഗ്നലുകൾ നൽകി. ‘ഹൈപ്പർ വെലോസിറ്റി ഇംപാക്ട് ഡിറ്റക്ഷൻ’ എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സൂക്ഷ്മ കണങ്ങളുടെ വലിപ്പം, വേഗത എന്നിവ ഡെക്സ് അളക്കുന്നത്.
ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഗഗൻയാൻ (മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതി), ചന്ദ്രയാൻ പിന്തുടർച്ചാ ദൗത്യങ്ങൾ എന്നിവയ്ക്ക് ഈ കണ്ടെത്തലുകൾ അതീവ പ്രാധാന്യമുള്ളതാണ്.
ബഹിരാകാശ സഞ്ചാരികളുടെ പേടകങ്ങൾക്കും സ്പേസ് സ്യൂട്ടുകൾക്കും ഈ സൂക്ഷ്മ കണങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കാൻ ഡെക്സ് നൽകുന്ന വിവരങ്ങൾ സഹായിക്കും. ശുക്രൻ , ചൊവ്വ എന്നിവിടങ്ങളിലെ പൊടിപടലങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഭാവിയിൽ ഡെക്സിന്റെ പുതിയ പതിപ്പുകൾ ഉപയോഗിക്കും. ഭാരതത്തിന്റെ ഉപഗ്രഹങ്ങളെ ബഹിരാകാശ മാലിന്യങ്ങളിൽ നിന്നും കോസ്മിക് പൊടിപടലങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള ‘ഓർബിറ്റൽ ഡിഫൻസ്’ സംവിധാനം ശക്തിപ്പെടുത്താൻ ഈ ഡാറ്റ ഉപകരിക്കും.
പതിറ്റാണ്ടുകളായി മറ്റ് രാജ്യങ്ങൾക്കും ഏജൻസികൾക്കും അപ്രാപ്യമായിരുന്ന കൃത്യമായ ഓർബിറ്റൽ ഡെബ്രി അളവുകളാണ് പിആർഎൽ ശാസ്ത്രജ്ഞർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബഹിരാകാശത്തെ ഈ ‘അദൃശ്യ ശത്രുക്കളെ’ തിരിച്ചറിയുന്നതിലൂടെ ഭാരതീയ ബഹിരാകാശ സാങ്കേതികവിദ്യയുടെ കരുത്ത് ഒരിക്കൽ കൂടി ലോകം അംഗീകരിക്കുകയാണ്.











Discussion about this post