അബുദാബി : ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി യുഎഇ സന്ദർശനത്തിനായി അബുദാബിയിൽ എത്തി. യുഎഇ ആർമി കമാൻഡർ മേജർ ജനറൽ സ്റ്റാഫ് യൂനിസ് മയൂസ് സയ്യിദ് അൽ ഹലാമിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. യെമൻ ആക്രമണത്തോടെ സൗദി അറേബ്യയുമായുള്ള യുഎഇയുടെ ബന്ധം മോശമായിരിക്കുകയും സംഘർഷങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച എന്നുള്ളതും നിർണായകമാണ്.
രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിൽ ഇന്ത്യൻ സൈനിക മേധാവിക്ക് യുഎഇ കരസേന ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കുന്നതാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള വളർന്നുവരുന്ന പ്രതിരോധ പങ്കാളിത്തത്തിന്റെ ഭാഗമായി ജനറൽ ദ്വിവേദി യുഎഇയിലെ പ്രധാന സൈനിക സ്ഥാപനങ്ങൾ സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായും സൈനികരുമായും സംവദിക്കുകയും ചെയ്യും. യുഎഇ നാഷണൽ ഡിഫൻസ് കോളേജിലെ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിസംബോധന ചെയ്യും.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം, പ്രൊഫഷണൽ സൈനിക കൈമാറ്റങ്ങൾ, തന്ത്രപരമായ ധാരണ എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് സൈനിക മേധാവിയുടെ സന്ദർശനം. ജനറൽ ദ്വിവേദിയും മേജർ ജനറൽ അൽ ഹലാമിയും തമ്മിലുള്ള ചർച്ചകൾ ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് സൈന്യം പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള പോസിറ്റീവ് സൈനിക ഇടപെടൽ വർദ്ധിപ്പിക്കുക , പരിശീലനം ഏകോപിപ്പിക്കുക, ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ചർച്ചകളുടെ പ്രധാന ലക്ഷ്യമെന്ന് ഇന്ത്യൻ സൈന്യം പുറത്തിറക്കിയ ഔദ്യോഗികക്കുറിപ്പിൽ വ്യക്തമാക്കുന്നു.









Discussion about this post