ന്യൂഡൽഹി : വരാനിരിക്കുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതു വിധേനയും ജയിക്കണം എന്നുള്ള തീരുമാനവുമായി കോൺഗ്രസ്. അസം തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ചുമതല പ്രിയങ്ക ഗാന്ധിക്ക് ആണ് കോൺഗ്രസ് നൽകിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി പ്രിയങ്ക ഗാന്ധി വാദ്രയെ നിയമിച്ചു.
ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ അസമിൽ മറ്റ് പ്രതിപക്ഷ പാർട്ടികളുമായി സഖ്യം രൂപീകരിക്കാനും കോൺഗ്രസ് ശ്രമം നടത്തുന്നുണ്ട്. പ്രിയങ്കയുടെ അടുത്ത അനുയായികളായ ഇമ്രാൻ മസൂദ്, സപ്തഗിരി ശങ്കർ ഉലക, സിരിവേല പ്രസാദ് എന്നിവരെ അസം സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങളായും നിയമിച്ചിട്ടുണ്ട്. പ്രിയങ്കയുടെ ശക്തമായ നേതൃത്വം തന്ത്രങ്ങളും കൊണ്ട് ഇത്തവണ അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയും എന്ന് തന്നെയാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ അസം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വാദ്ര തിരശ്ശീലയ്ക്ക് പിന്നിൽ വളരെ സജീവമായിരുന്നു, എന്നിരുന്നാലും പ്രചാരണ വേളയിൽ അവരെ പരസ്യമായി കണ്ടിരുന്നില്ല. ആ സമയത്ത്, ഭൂപേഷ് ബാഗേൽ ആയിരുന്നു സംസ്ഥാനത്തെ മുതിർന്ന നിരീക്ഷകനായി സേവനമനുഷ്ഠിച്ചത്. എന്നാൽ ഇത്തവണ പ്രിയങ്കയുടെ സാന്നിധ്യത്തിലൂടെ പാർട്ടിക്ക് ശക്തമായ പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിനും, താഴെത്തട്ടിലുള്ള പ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു.









Discussion about this post