ഹിസ്ബുള്ള അടക്കമുള്ള സംസ്ഥാനേതര ഗ്രൂപ്പുകൾക്കെതിരെ നടപടി ആരംഭിച്ച് ലെബനൻ. തെക്കൻ ലെബനനിലുടനീളം പൂർണ്ണമായും സൈന്യത്തെ വിന്യസിക്കാനും സംസ്ഥാനേതര ഗ്രൂപ്പുകളെ, പ്രത്യേകിച്ച് ഹിസ്ബുള്ളയെ നിരായുധരാക്കാനുമുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ജനുവരി 8ന് അവസാനിപ്പിച്ചതായി ലെബനൻ സൈന്യം അറിയിച്ചു. ലിതാനി നദിക്കും ഇസ്രായേൽ അതിർത്തിക്കും ഇടയിലുള്ള പ്രദേശം ഉൾക്കൊള്ളുന്ന, രാജ്യത്തിന്റെ തെക്ക് ഭാഗം പൂർണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിൽ ആക്കാനുള്ള ശ്രമമാണ് ലെബനൻ നടത്തുന്നത്.
ലെബനൻ സൈന്യം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഹിസ്ബുള്ളയെക്കുറിച്ച് പേരെടുത്ത് പരാമർശിക്കാതെ, തെക്കൻ മേഖലയിലെ സായുധ സംഘങ്ങളെ ‘ഫലപ്രദവും സ്പഷ്ടവുമായ രീതിയിൽ’ നീരായുധീകരിക്കാൻ ആരംഭിച്ചതായി അറിയിച്ചു. ഇസ്രായേൽ അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ലിതാനി നദിയുടെ തെക്ക് ഭാഗത്തിന്റെ നിയന്ത്രണം ഇപ്പോൾ പൂർണമായും സൈന്യത്തിന്റെ കയ്യിലാണെന്നാണ് സൂചന. ഇസ്രായേലിന്റെ പ്രത്യേക ആവശ്യപ്രകാരം കൂടിയാണ് ലെബനൻ സൈന്യം ഹിസ്ബുള്ള അടക്കമുള്ള ഗ്രൂപ്പുകളെ നിരായുധീകരിക്കാൻ ആരംഭിച്ചിരിക്കുന്നത്. നടപടി പ്രോത്സാഹജനകമാണെങ്കിലും ‘പര്യാപ്തമല്ല’ എന്നാണ് ഇസ്രായേൽ വ്യക്തമാക്കിയിരിക്കുന്നത്.









Discussion about this post