പശ്ചിമ ബംഗാളിലെ ഹാൽദിയയിൽ പുതിയ നാവികത്താവളം ഒരുങ്ങുന്നു. ബംഗാൾ ഉൾക്കടലിന്റെ വടക്കൻ മേഖലയിൽ ഭാരതത്തിന്റെ സൈനിക സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഈ നിർണ്ണായക നീക്കം. .ചൈനയുടെ കടന്നുകയറ്റത്തിനും ബംഗ്ലാദേശിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കും ശക്തമായ മറുപടി നൽകുക, അതിവേഗ യുദ്ധക്കപ്പലുകളെ വിന്യസിച്ച് ശത്രുനീക്കങ്ങളെ മുളയിലേ നുള്ളുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ഹാൽദിയ ഡോക്ക് കോംപ്ലക്സിനോട് ചേർന്നായിരിക്കും ഈ പുതിയ താവളം പ്രവർത്തിക്കുക. ഇവിടേക്ക് നാവികസേനയുടെ കരുത്തരായ ‘ഫാസ്റ്റ് ഇന്റർസെപ്റ്റർ ക്രാഫ്റ്റുകളും’ (FIC), ‘വാട്ടർ ജെറ്റ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകളും’ (NWJFAC) എത്തും.
മണിക്കൂറിൽ 40 മുതൽ 45 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ കപ്പലുകൾക്ക് സമുദ്രത്തിലെ ഏത് അടിയന്തര സാഹചര്യത്തോടും നിമിഷങ്ങൾക്കുള്ളിൽ പ്രതികരിക്കാനാകും. അത്യാധുനിക സിആർഎൻ-91 തോക്കുകളും ശത്രുവിനെ കൃത്യമായി ലക്ഷ്യം വയ്ക്കുന്ന ‘നാഗാസ്ത്ര’ ലോയിറ്ററിംഗ് മ്യുണിഷനും (Loitering Munition) ഈ കപ്പലുകളുടെ കരുത്ത് വർദ്ധിപ്പിക്കും. സമുദ്രമാർഗ്ഗമുള്ള നുഴഞ്ഞുകയറ്റം തടയുക, തീരദേശ സംരക്ഷണം, തുറമുഖ സുരക്ഷ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ബംഗാൾ ഉൾക്കടലിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കും അവരെ സഹായിക്കുന്ന ബംഗ്ലാദേശ്, പാകിസ്താൻ അച്ചുതണ്ടിനും ഭാരതം നൽകുന്ന വ്യക്തമായ മുന്നറിയിപ്പാണിത്. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി ഭീകരർ സമുദ്രമാർഗ്ഗം ഭാരതത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നത് തടയാൻ ഈ താവളം സഹായിക്കും. ഹൂഗ്ലി നദി വഴിയുള്ള സമയനഷ്ടം ഒഴിവാക്കി നേരിട്ട് ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തന്ത്രപ്രധാനമായ ഇടമാണ് ഹാൽദിയ.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അടുത്തിടെ 120 ഫാസ്റ്റ് ഇന്റർസെപ്റ്റർ ക്രാഫ്റ്റുകൾ വാങ്ങാൻ അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹാൽദിയയിലെ വിന്യാസം. 100 ഓളം നാവിക ഉദ്യോഗസ്ഥരെയാണ് ഇവിടെ ആദ്യഘട്ടത്തിൽ നിയമിക്കുക.
ഭാരതത്തിന്റെ സമുദ്രതീരങ്ങളിൽ ശത്രുക്കളുടെ ഒരു കണ്ണ് പോലും പതിക്കാതിരിക്കാൻ മോദി സർക്കാർ നടപ്പിലാക്കുന്ന വിപുലമായ സുരക്ഷാ പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ നാവികത്താവളം ഉയരുന്നത്. രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്.










Discussion about this post