ന്യൂഡൽഹി : പുരാതന ഗുജറാത്തി തീരദേശ പട്ടണമായ ദ്വാരക ഭഗവാൻ കൃഷ്ണന്റെ ഇതിഹാസങ്ങളുമായി ഏറ്റവും ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ്. പുരാതന ദ്വാരക പൂർണമായും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ദ്വാരക പര്യവേഷണം പുനരാരംഭിക്കുമെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ അറിയിച്ചു. മുമ്പ് പരിശോധിക്കപ്പെടാത്ത പ്രദേശങ്ങൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പര്യവേക്ഷണം ചെയ്യുമെന്നാണ് എ.എസ്.ഐ വ്യക്തമാക്കിയിരിക്കുന്നത്.
പ്രദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ ഭൂതകാലത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നതിനുള്ള നടപടികളിലേക്കാണ് എ.എസ്.ഐ കടക്കുന്നത്. ഇതിനായി ദ്വാരകയിൽ, കരയിലും വെള്ളത്തിനടിയിലും വീണ്ടും പുരാവസ്തു ഗവേഷണങ്ങൾ നടത്തും. ഇതുവരെ നടത്തിയ പരിമിതമായ പഠനങ്ങളിൽ നിന്ന് വെള്ളത്തിനടിയിലുള്ള ശിലാ ഘടനകൾ, മതിൽ പോലുള്ള അവശിഷ്ടങ്ങൾ, മനുഷ്യവാസത്തിന്റെ അടയാളങ്ങൾ എന്നിവ കണ്ടെത്തിയിട്ടുള്ള സാഹചര്യത്തിലാണ് പര്യവേഷണം കൂടുതൽ ആഴത്തിലാക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യ, നൂതന ഉപകരണങ്ങൾ, വിദഗ്ധർ അടങ്ങുന്ന ഒരു മൾട്ടി ഡിസിപ്ലിനറി സംഘം എന്നിവയുമായി ഒത്തുചേർന്ന് പുതിയ ഗവേഷണങ്ങൾ നടത്താനാണ് പദ്ധതി. ഗോമതി നദീമുഖം, തീരത്തെ കുഴിച്ചെടുക്കാത്ത പ്രദേശങ്ങൾ, ബെറ്റ് ദ്വാരക പോലുള്ള പ്രദേശങ്ങൾ എന്നിവയിലാണ് ഈ പുതിയ പര്യവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുരാതന ദ്വാരകയിലെ ജീവിതം എങ്ങനെയായിരുന്നു, അതിന്റെ നഗരഘടന, വ്യാപാരത്തിന്റെയും സംസ്കാരത്തിന്റെയും നിലവാരം, നഗരം അധഃപതിച്ച ചരിത്ര പ്രക്രിയ എന്നിവ മനസ്സിലാക്കാൻ കൂടുതൽ ആഴത്തിലുള്ള ഗവേഷണങ്ങൾ സഹായിക്കുമെന്ന് എ.എസ്.ഐ സൂചിപ്പിക്കുന്നു.











Discussion about this post