ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി പുതുതായി നിയമിതനായ യുഎസ് അംബാസഡർ സെർജിയോ ഗോർ. ഇന്നലെയായിരുന്നു അദ്ദേഹം ഇന്ത്യയിലെ യുഎസ് എംബസിയിൽ എത്തി സ്ഥാനമേറ്റിരുന്നത്. ഇന്ത്യൻ രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ മാത്രമാണ് അംബാസഡറുടെ ഔദ്യോഗിക നിയമനം പൂർത്തിയാവുക. ഇതിനായി സെർജിയോ ഗോർ യോഗ്യതാപത്രങ്ങൾ രാഷ്ട്രപതിക്ക് സമർപ്പിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ ആണ് യുഎസ് സെനറ്റ് സെർജിയോ ഗോറിനെ ഇന്ത്യയിലെ യുഎസ് അംബാസഡറായി നിയമിച്ചത്. വൈറ്റ് ഹൗസ് പേഴ്‌സണൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചു വന്നിരുന്ന സമയത്താണ് ഈ പുതിയ നിയമനം. നവംബറിൽ യുഎസിൽ വച്ച് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായി ആയാണ് സെർജിയോ ഗോർ അറിയപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം യുഎസ് എംബസിയിൽ വച്ച് സെർജിയോ ഗോർ പ്രഖ്യാപിച്ചിരുന്നു.
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ശ്രീമതി മുർമു ശ്രീ ഗോറിൽ നിന്ന് യോഗ്യതാപത്രങ്ങൾ സ്വീകരിച്ചതായി രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഗോറിനു പുറമേ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്കിന്റെ ഹൈക്കമ്മീഷണർ ചന്ദ്രദത്ത് സിംഗ്, ഓസ്ട്രിയ റിപ്പബ്ലിക്കിന്റെ അംബാസഡർ റോബർട്ട് സിഷ്ഗ് എന്നിവർ ശ്രീമതി മുർമുവിനു യോഗ്യതാപത്രങ്ങൾ സമർപ്പിച്ചതായി പ്രസ്താവനയിൽ പറയുന്നു.









Discussion about this post