ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ പിടിവാശിക്ക് തിരിച്ചടിയായി ബോർഡ് ധനകാര്യ മേധാവിയുടെ വെളിപ്പെടുത്തൽ. “ബംഗ്ലാദേശ് ഇന്ത്യയിൽ കളിച്ചാലും ഇല്ലെങ്കിലും ബോർഡിന് ലാഭനഷ്ടങ്ങൾ ഒന്നുമില്ല. എന്നാൽ കളിക്കാർക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ മാച്ച് ഫീസും പ്രൈസ് മണിയും ഇതോടെ ഇല്ലാതാകുമെന്ന്” നജ്മുൽ ഇസ്ലാം പറഞ്ഞു.
ഐസിസി നിയമപ്രകാരം ലോകകപ്പിൽ നിന്നുള്ള വരുമാനം നേരിട്ട് കളിക്കാർക്കാണ് ലഭിക്കുന്നത്. ഇന്ത്യയിൽ കളിക്കാൻ പോയില്ലെങ്കിൽ ഈ തുക നഷ്ടമാകുന്ന കളിക്കാർക്ക് ബോർഡ് നഷ്ടപരിഹാരം നൽകുമോ എന്ന ചോദ്യത്തിന് രൂക്ഷമായ മറുപടിയാണ് നജ്മുൽ നൽകിയത്. “കളിക്കാരുടെ പരിശീലനത്തിനും മറ്റ് സൗകര്യങ്ങൾക്കുമായി ബോർഡ് ഇതിനകം കോടിക്കണക്കിന് ടാക്ക ചിലവാക്കി കഴിഞ്ഞു. ഫലം മോശമാകുമ്പോൾ ഈ പണം ഞാൻ കളിക്കാരോട് തിരികെ ചോദിക്കാറുണ്ടോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.
മുൻപ് ഇന്ത്യയുമായി ചർച്ച വേണമെന്ന് ആവശ്യപ്പെട്ട മുൻ ക്യാപ്റ്റൻ തമീം ഇക്ബാലിനെ ‘ഇന്ത്യൻ ഏജന്റ്’ എന്ന് വിളിച്ച് ആക്ഷേപിച്ച വ്യക്തിയാണ് നജ്മുൽ ഇസ്ലാം എന്നത് ശ്രദ്ധേയമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കിയതും ഇന്ത്യയിലെ സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ സമ്മർദ്ദം ചെലുത്തുന്നത്. എന്നാൽ ബിസിസിഐയും ഐസിസിയും ഈ വാദങ്ങൾ തള്ളിക്കളഞ്ഞു.
ചൊവ്വാഴ്ച ഐസിസിയും ബിസിബിയും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമൊന്നും ഉണ്ടായില്ല.കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസുമായാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം നടക്കേണ്ടത്.
ഭാരതത്തിൽ ലോകകപ്പ് നടത്തുമ്പോൾ ലോകത്തെ എല്ലാ പ്രമുഖ ടീമുകളും പൂർണ്ണ സുരക്ഷാ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബംഗ്ലാദേശ് മാത്രം സുരക്ഷാ പ്രശ്നം ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന വിലയിരുത്തലിലാണ് ബിസിസിഐ. ഭാരതത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് സ്വന്തം ബോർഡിൽ നിന്ന് തന്നെ തിരിച്ചടി ലഭിക്കുന്നത് ബംഗ്ലാദേശ് ക്രിക്കറ്റിലെ ആഭ്യന്തര തകർച്ചയാണ് കാണിക്കുന്നത്.











Discussion about this post