ഭാരതത്തിൻ്റെ സൈനിക കരുത്തിന് മുന്നിൽ വിറങ്ങലിച്ച് പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടന ലഷ്കർ-ഇ-തൊയ്ബ . ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ ഇന്ത്യൻ സൈന്യം തങ്ങളുടെ ബൗദ്ധിക കേന്ദ്രവും ആസ്ഥാനവുമായ ‘മർക്കസെ തൊയ്ബ’ പൂർണ്ണമായും തകർത്തെന്ന് ലഷ്കർ കമാൻഡർ ഹാഫിസ് അബ്ദുൾ റൗഫ് സമ്മതിച്ചു. മുരിദ്‌കയിലെ ലഷ്കർ ആസ്ഥാനത്തേക്ക് മെയ് 6-ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ സംഘടനയുടെ നട്ടെല്ലൊടിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പാകിസ്താനിലെ മുരിദ്‌കെയിൽ ലഷ്കർ-ഇ-തൊയ്ബ കെട്ടിപ്പടുത്ത ഭീകര സാമ്രാജ്യം ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ നാമാവശേഷമായെന്ന് ആഗോള ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫ് വെളിപ്പെടുത്തി. “ആക്രമണം അതിശക്തമായിരുന്നു, കോംപ്ലക്സ് പൂർണ്ണമായും തകർന്നു. അവിടെ ഒരാൾക്ക് ഇരിക്കാൻ പോലും സാധിക്കാത്ത വിധം എല്ലാം നശിച്ചു,” എന്നായിരുന്നു റൗഫിന്റെ വാക്കുകൾ. ഭീകര കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുള്ള ഇന്ത്യയുടെ ‘സർജിക്കൽ’ നീക്കങ്ങൾ ലക്ഷ്യം തെറ്റിയിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ജനുവരി 15-ന് മർക്കസെ തൊയ്ബയിൽ നടന്ന ഭീകരരുടെ പാസ്സിങ് ഔട്ട് ചടങ്ങിൽ ഹാഫിസ് സഈദിന്റെ മകൻ ഹാഫിസ് തൽഹ സഈദും ലഷ്‌കറിൻ്റെ ഡെപ്യൂട്ടി ചീഫ് സെയ്ഫുള്ള കാസൂരിയും പങ്കെടുത്തിരുന്നു. മാസങ്ങൾക്കിപ്പുറം നടന്ന ഇന്ത്യൻ ആക്രമണത്തിൽ ഈ കേന്ദ്രം പാടേ തകർക്കപ്പെട്ടത് ലഷ്കറിന്റെ ആത്മവീര്യം തകർത്തിരിക്കുകയാണ്. പാക് സൈന്യത്തിന്റെ തണലിൽ വളരുന്ന ഭീകരതയെ അവരുടെ മണ്ണിൽ ചെന്ന് തകർക്കുമെന്ന നരേന്ദ്ര മോദി സർക്കാരിന്റെ പ്രഖ്യാപനം ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ യാഥാർത്ഥ്യമായിരിക്കുകയാണ്. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയിൽ തൊട്ടാൽ ശത്രുവിന്റെ ആസ്ഥാനത്ത് കയറി മറുപടി നൽകുമെന്ന നവഭാരതത്തിന്റെ സന്ദേശമാണ് മുരിദ്‌കയിലെ തകർന്ന കെട്ടിടങ്ങൾ ലോകത്തിന് നൽകുന്നത്.
2025 ഏപ്രിൽ 22-ന് പഹൽഗാമിൽ ഭാരതീയരെ ലക്ഷ്യം വെച്ച് നടന്ന ഭീകരാക്രമണത്തിന് നൽകിയ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ.പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നിൽ പാക് സ്പോൺസേഡ് ഭീകരരാണെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. മെയ് 7-ന് പുലർച്ചെ ആരംഭിച്ച ഓപ്പറേഷനിൽ പാക് അധീന കശ്മീരിലെയും പാകിസ്താനിലെയും ഭീകര ലോഞ്ച് പാഡുകൾ ഇന്ത്യൻ സൈന്യം തകർത്തു തരിപ്പണമാക്കി. 88 മണിക്കൂർ നീണ്ട ഈ സൈനിക നീക്കത്തിൽ ശത്രുവിന്റെ ബൗദ്ധിക കേന്ദ്രം തന്നെ ഇന്ത്യ ലക്ഷ്യം വെച്ചു.










Discussion about this post