ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി (IMF) രംഗത്തെത്തിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധിയെ ‘നിരാശയുടെ നേതാവ്’എന്ന് വിശേഷിപ്പിച്ച ബിജെപി, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മോശമായി ചിത്രീകരിച്ചതിന് അദ്ദേഹം ജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
ഭാരതത്തിന്റെ മൂന്നാം പാദത്തിലെ വളർച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് ഐഎംഎഫ് വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ദേശീയ വക്താവ് സി.ആർ. കേശവൻ രാഹുലിനെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ ‘മൃതപ്രായമാണ്’ (Dead Economy) എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ ശരിവെച്ചുകൊണ്ടായിരുന്നു അന്ന് രാഹുലിന്റെ വിമർശനം. എന്നാൽ ഇപ്പോൾ ലോകത്തെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഭാരതം കുതിക്കുമ്പോൾ രാഹുലിന്റെ ‘വ്യാജ ആഖ്യാനങ്ങൾ’ പൊളിഞ്ഞുവീഴുകയാണെന്ന് ബിജെപി ആരോപിക്കുന്നു.
രാജ്യത്തിന്റെ പുരോഗതിയെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ച രാഹുൽ പരസ്യമായി മാപ്പ് പറയണമെന്ന് സി.ആർ. കേശവൻ ആവശ്യപ്പെട്ടു.ലോകം ഭാരതത്തെ ഉറ്റുനോക്കുമ്പോൾ രാഹുൽ മാത്രം നിരാശ പടർത്താനാണ് ശ്രമിക്കുന്നത്.ഇത്തരം ഇടുങ്ങിയ രാഷ്ട്രീയ താൽപ്പര്യങ്ങൾ കാരണമാണ് ജനങ്ങൾ രാഹുലിനെ വീണ്ടും വീണ്ടും തള്ളിക്കളയുന്നതെന്ന് ബിജെപി പരിഹസിച്ചു.
ഭാരതം ലോക സമ്പദ്‌വ്യവസ്ഥയുടെ മുഖ്യ എൻജിനാണെന്നാണ് ഐഎംഎഫ് വക്താവ് ജൂലി കോസാക്ക് വിശേഷിപ്പിച്ചത്. 2025-26 സാമ്പത്തിക വർഷത്തിൽ 6.6 ശതമാനം വളർച്ചയാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. എന്നാൽ മൂന്നാം പാദത്തിലെ മികച്ച പ്രകടനം മുൻനിർത്തി ഈ പ്രവചനം ഉടൻ തന്നെ ഐഎംഎഫ് ഉയർത്തിയേക്കും.”ഭാരതം ഇന്ന് ലോകത്തിന് വഴികാട്ടുകയാണ്. ആഭ്യന്തര ഉപഭോഗത്തിലെ വർദ്ധനവും അടിസ്ഥാന സൗകര്യ വികസനവുമാണ് ഈ വളർച്ചയ്ക്ക് കരുത്തേകുന്നത്.” – ഐഎംഎഫ് വക്താവ് വ്യക്തമാക്കി.
ട്രംപ് ഭരണകൂടം ഭാരതീയ ഉൽപ്പന്നങ്ങൾക്ക് മേൽ 500 ശതമാനം വരെ നികുതി ഏർപ്പെടുത്താൻ ആലോചിക്കുന്നു എന്ന വാർത്തകൾക്കിടയിലും ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഐഎംഎഫിന്റെ റിപ്പോർട്ട്. ജനുവരി അവസാനം പുറത്തിറങ്ങുന്ന പുതിയ റിപ്പോർട്ടിൽ ഭാരതത്തിന്റെ വളർച്ചാ പ്രവചനം 7.4 ശതമാനത്തിലേക്ക് ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.











Discussion about this post