ഭാരതത്തിന്റെ അതിർത്തി കാക്കുന്ന കാവൽഭടന്മാരുടെ ത്യാഗവും സ്നേഹവും വീണ്ടും ചർച്ചയാകുന്നു. അതിർത്തിയിലെ ഏകാന്തതയിൽ, പ്രിയപ്പെട്ടവരെ ഓർത്തുകൊണ്ട് ‘ബോർഡർ’ സിനിമയിലെ വിഖ്യാതമായ “സന്ദേശേ ആത്തേ ഹേ” (Sandese Aate Hain) എന്ന ഗാനം ആലപിച്ച ബിഎസ്എഫ് ജവാൻ ചക്രപാണി നാഗിരിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വരികളിലെ വികാരങ്ങൾ ഒട്ടും ചോർന്നുപോകാതെ ചക്രപാണി പാടുമ്പോൾ അത് ഓരോ ഭാരതീയന്റെയും കണ്ണുനിറയിക്കുകയാണ്.
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചക്രപാണി ഈ ഹൃദ്യമായ ദൃശ്യം പങ്കുവെച്ചത്. സഹപ്രവർത്തകർക്കിടയിൽ ഇരുന്ന് അദ്ദേഹം പാടുമ്പോൾ, ചുറ്റുമുള്ള ഓരോ മുഖത്തും സ്വന്തം വീടിനെയും ഉറ്റവരെയും കുറിച്ചുള്ള ഓർമ്മകൾ നിഴലിക്കുന്നത് കാണാം.
സാധാരണക്കാർ മാത്രമല്ല, ബോളിവുഡ് താരങ്ങളും ചക്രപാണിയുടെ പാട്ടിന് പിന്നാലെയാണ്. ബോളിവുഡ് താരം വരുൺ ധവാൻ “എന്തൊരു മനോഹരമായ കാര്യം” എന്നാണ് വീഡിയോയ്ക്ക് താഴെ കുറിച്ചത്. വരാനിരിക്കുന്ന ‘ബോർഡർ 2’ (Border 2) എന്ന ചിത്രത്തിലെ താരം കൂടിയായ ആഹാൻ ഷെട്ടി ഹൃദയചിഹ്നവും ഇന്ത്യൻ പതാകയും നൽകിയാണ് തന്റെ ആദരവ് പ്രകടിപ്പിച്ചത്.”ഈ പാട്ടിന്റെ യഥാർത്ഥ ഉടമ നിങ്ങളാണ് സർ” എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.
“നിങ്ങളുടെ ശബ്ദം എത്ര മധുരമാണ്, അതിർത്തിയിൽ ഞങ്ങൾക്കായി നിൽക്കുന്ന ഓരോ ജവാന്റെയും വികാരം ഈ പാട്ടിലുണ്ട്” എന്ന് മറ്റൊരാൾ കുറിച്ചു.
1997-ൽ പുറത്തിറങ്ങിയ ‘ബോർഡർ’ എന്ന ചിത്രം ഭാരതീയരുടെ ദേശസ്നേഹത്തെ അത്രമേൽ സ്വാധീനിച്ച ഒന്നാണ്. ആ ചിത്രത്തിലെ ഏറ്റവും വൈകാരികമായ പാട്ടാണ് ‘സന്ദേശേ ആത്തേ ഹേ’. ഇന്ന് വർഷങ്ങൾക്കിപ്പുറം ‘ബോർഡർ 2’ അണിയറയിൽ ഒരുങ്ങുമ്പോൾ, യഥാർത്ഥ അതിർത്തിയിൽ നിന്ന് ഒരു സൈനികൻ തന്നെ ഈ പാട്ട് പാടുന്നത് വലിയൊരു നിയോഗമായാണ് ആരാധകർ കാണുന്നത്.











Discussion about this post