അച്ചടക്കത്തിനും പൗരബോധത്തിനും ലോകത്തിന് തന്നെ മാതൃകയായ ജപ്പാനിൽ, ഒരു ഭാരതീയ യുവാവ് നടത്തിയ കാരുണ്യപ്രവൃത്തി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മെട്രോ സ്റ്റേഷന് സമീപം വീണ് പരിക്കേറ്റ് രക്തം വാർന്നു കിടന്ന ജാപ്പനീസ് വയോധികനെ സഹായിക്കുകയും, പ്രത്യുപകാരമായി നൽകിയ പണം സ്നേഹപൂർവ്വം നിരസിച്ച് താൻ ഒരു ‘ഇന്ത്യക്കാരനാണെന്ന്’ അഭിമാനത്തോടെ പറയുകയും ചെയ്ത രോഹൻ റാണ എന്ന യുവാവാണ് ഇപ്പോൾ താരം.
ഭാരതീയ സംസ്കാരത്തിന്റെ മൂല്യം ലോകത്തിന് മുന്നിൽ വിളിച്ചോതുന്ന ഈ സംഭവം ഇൻസ്റ്റാഗ്രാമിലൂടെയാണ് പുറംലോകമറിഞ്ഞത്.താനും സുഹൃത്തും മെട്രോ പിടിക്കാനുള്ള തിരക്കിലായിരുന്നപ്പോഴാണ് റോഡിൽ വീണുകിടക്കുന്ന വയോധികനെ കണ്ടതെന്ന് രോഹൻ വീഡിയോയിൽ പറയുന്നു. വയോധികന്റെ ശരീരത്തിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. നിരവധി ആളുകൾ അവിടെ ഉണ്ടായിരുന്നെങ്കിലും ആരും സഹായത്തിന് എത്തിയിരുന്നില്ല. മറ്റൊന്നും ആലോചിക്കാതെ രോഹനും സുഹൃത്തും അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തുകയായിരുന്നു.
അടിയന്തര ചികിത്സ: വയോധികനെ പിടിച്ചെഴുന്നേൽപ്പിച്ച രോഹൻ, അദ്ദേഹത്തിന്റെ മുറിവുകൾ പരിശോധിച്ച് ഉടൻ തന്നെ കയ്യിലുണ്ടായിരുന്ന ബാൻഡേജ് ഉപയോഗിച്ച് രക്തസ്രാവം തടഞ്ഞു.”ഭായി, ഞാൻ ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ എനിക്ക് തോന്നിയ ആ ഒരു അഭിമാനം പറഞ്ഞറിയിക്കാൻ കഴിയില്ല,” വികാരാധീനനായി രോഹൻ പറയുന്നു.
വയോധികൻ തന്റെ ബാഗിൽ നിന്ന് പണമെടുത്ത് രോഹന് നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. “അങ്കിൾ പണം തരാൻ നോക്കി, പക്ഷേ ഞാൻ വാങ്ങിയില്ല. ആ പണത്തിലേക്ക് നോക്കാൻ പോലും എനിക്ക് തോന്നിയില്ല. അത് എന്റെ മൂല്യങ്ങൾക്ക് നിരക്കാത്തതായിരുന്നു,” രോഹൻ വ്യക്തമാക്കി. അത്ഭുതപ്പെട്ട വയോധികൻ രോഹന്റെ നാട് ചോദിച്ചപ്പോൾ, “ഞാൻ ഇന്ത്യയിൽ നിന്നാണ്” എന്നായിരുന്നു മറുപടി.










Discussion about this post