ഡൽഹിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് ലക്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഞായറാഴ്ച രാവിലെ 8.46-ഓടെയാണ് 6E6650 വിമാനത്തിന് നേരെ സുരക്ഷാ ഭീഷണി ഉണ്ടായത്. വിമാനം ലക്നൗവിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരെ ഒഴിപ്പിക്കുകയും സുരക്ഷാ ഏജൻസികൾ വിപുലമായ പരിശോധന നടത്തുകയും ചെയ്തു.
വിമാനത്തിലെ ടൊയ്ലെറ്റിൽ ഒരു ടിഷ്യൂ പേപ്പറിൽ കൈ കൊണ്ടെഴുതിയ നിലയിലാണ് ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത്. ഇതാണ് പരിഭ്രാന്തിക്ക് കാരണമായതെന്ന് എസിപി രജനീഷ് വർമ്മ അറിയിച്ചു.222 മുതിർന്നവരും 8 കുട്ടികളും ഉൾപ്പെടെ 230 യാത്രക്കാരും 2 പൈലറ്റുമാരും 5 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്
വിമാനത്തിൽ ബോംബ് ഉണ്ടെന്ന സന്ദേശം ലഭിച്ച ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും പ്രോട്ടോക്കോൾ പ്രകാരം ലക്നൗവിലേക്ക് വഴിതിരിച്ചുവിടുകയുമായിരുന്നു.വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ബോംബ് സ്ക്വാഡും സുരക്ഷാ ഏജൻസികളും വിമാനത്തിനുള്ളിലും യാത്രക്കാരുടെ ബാഗേജുകളിലും വിശദമായ പരിശോധന നടത്തി.
“സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ച് വിമാനം ലക്നൗവിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്,” എന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു. വ്യാജ ഭീഷണി സന്ദേശമാണോ അതോ മറ്റ് സുരക്ഷാ വീഴ്ചകളാണോ ഉണ്ടായതെന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്. കുറ്റക്കാർക്കെതിരെ കർശന നിയമനടപടിയുണ്ടാകും.













Discussion about this post