അത്യാധുനിക ബഹിരാകാശ സാങ്കേതികവിദ്യയുടെയും സ്റ്റീൽ കവചങ്ങളുടെയും ലോകമായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) ഭാരതത്തിന്റെ പൗരാണിക കൈത്തറി പാരമ്പര്യം എത്തിച്ച് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. ഐഎസ്ആർഒയുടെയും നാസയുടെയും സംയുക്ത ദൗത്യമായ ആക്സിയം-4 (Ax-4) മിഷന്റെ പൈലറ്റായ ശുഭാൻഷു ശുക്ല, തന്റെ ബാഗേജിൽ കരുതിയത് ഭാരതത്തിന്റെ തനത് വസ്ത്രസംസ്‌കാരം വിളിച്ചോതുന്ന ‘ധരോഹർ ഡെക്ക്’ (Dharohar Deck) എന്ന സവിശേഷ ശേഖരമായിരുന്നു.
ബഹിരാകാശത്തിന്റെ ശൂന്യതയിൽ ഭാരതത്തിന്റെ ആത്മസ്പർശമുള്ള ഈ 20 ഗ്രാം തൂക്കമുള്ള ബോക്സ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലെ വൈവിധ്യമാർന്ന കൈത്തറി തുണിത്തരങ്ങളുടെ സാമ്പിളുകൾ അടങ്ങിയതാണ് ധരോഹർ ഡെക്ക്. വായുവിനേക്കാൾ കനം കുറഞ്ഞതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബംഗാളിലെ ജാംദാനി, തെലങ്കാനയിലെ ഇക്കത്ത്, ആന്ധ്രയിലെ കലംകാരി തുടങ്ങി ഭാരതത്തിന്റെ നെയ്ത്തു പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രങ്ങളുടെ സാമ്പിളുകൾ ഇതിലുണ്ട്.
വെറുമൊരു ചിത്രം എന്നതിലുപരി സ്പർശനത്തിലൂടെ അനുഭവിച്ചറിയാൻ കഴിയുന്ന കാർഡുകളായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബഹിരാകാശത്തെ യാന്ത്രികമായ അന്തരീക്ഷത്തിൽ ഭാരതത്തിന്റെ മണ്ണുമായുള്ള ബന്ധം നിലനിർത്താൻ ഇവ തന്നെ സഹായിച്ചുവെന്ന് ശുഭാൻഷു ശുക്ല പറഞ്ഞു. ഈ വസ്ത്രങ്ങൾ കേവലം കലയല്ല, മറിച്ച് ഗണിതശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും കൃത്യതയുള്ള ശാസ്ത്രമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഓരോ നെയ്ത്തു രീതിയും പ്രകൃതിദത്ത ചായക്കൂട്ടുകളും ആയിരക്കണക്കിന് വർഷത്തെ ഭാരതീയരുടെ വിജ്ഞാനത്തിന്റെ പ്രതിഫലനമാണ്.
“നമ്മൾ പുതിയ ലോകങ്ങൾ കീഴടക്കുമ്പോൾ നമ്മുടെ ആദ്യകാല ലോകങ്ങൾ പടുത്തുയർത്തിയ കൈകളെ മറക്കരുത്,” – ശുഭാൻഷു ശുക്ല എക്സിൽ (X) കുറിച്ചു.സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തിയത് ഇത്തരം കൈത്തറി വ്യവസായങ്ങളാണെന്നും അവ സംരക്ഷിക്കുന്നത് ഭാവിയിലേക്കുള്ള അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഭാരതീയ നെയ്ത്തുകാരുടെ വിരൽത്തുമ്പിലെ മാന്ത്രികത ബഹിരാകാശത്തും എത്തിച്ചിരിക്കുന്നു. പുരോഗതിയുടെ കൊടുമുടിയിൽ എത്തുമ്പോഴും നമ്മുടെ പൈതൃകത്തിന് വിമാനത്തിലും ബഹിരാകാശ നിലയത്തിലും സീറ്റുകൾ സംവരണം ചെയ്തിരിക്കണം.” – ശുഭാൻഷു ശുക്ല.
ലഖ്‌നൗ സ്വദേശിയായ ശുഭാൻഷു ശുക്ല, കാർഗിൽ യുദ്ധത്തിലെ സൈനികരുടെ വീര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതിരോധ രംഗത്തെത്തിയത്. ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ ഒരാൾ കൂടിയായ അദ്ദേഹം, 41 വർഷങ്ങൾക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഭാരതീയനാണ്. രാകേഷ് ശർമ്മയ്ക്ക് ശേഷം ഭാരതത്തിന്റെ അഭിമാനമുയർത്തിയ ആളാണ് ശുഭാൻഷു ശുക്ല.













Discussion about this post