കടക്കെണിയിൽ മുങ്ങിനിൽക്കുമ്പോഴും ഇന്ത്യാ വിരോധവും തീവ്ര ഇസ്‌ലാമിക മതമൗലികവാദവും ആയുധമാക്കി പാകിസ്താനെ അപകടകരമായ പാതയിലേക്ക് നയിക്കുകയാണ് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്താൻ രൂപീകരിക്കപ്പെട്ടതിന്റെ ‘ഉന്നതമായ ലക്ഷ്യം’ പൂർത്തീകരിക്കാനുള്ള ഘട്ടത്തിലാണ് രാജ്യമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്റെ മകൻ ജുനൈദ് സഫ്ദറിന്റെ വിവാഹ സൽക്കാരത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മുനീറിന്റെ ഈ വിവാദ പരാമർശങ്ങൾ.
നേരത്തെ സാൻഡ്‌ഹേഴ്സ്റ്റ് പരിശീലനം ലഭിച്ച, പാശ്ചാത്യ ശൈലി പിന്തുടർന്നിരുന്ന മുൻ പാക് സൈനിക മേധാവികളിൽ നിന്ന് വ്യത്യസ്തമായി, തീവ്ര മതമൗലികവാദിയായ ‘ഹാഫിസ്-ഇ-ഖുറാൻ’ (ഖുറാൻ മനഃപാഠമാക്കിയവൻ) എന്ന പ്രതിച്ഛായയാണ് മുനീർ വളർത്തുന്നത്. സൈന്യത്തെ ഒരു പ്രൊഫഷണൽ സേന എന്നതിലുപരി ഇസ്‌ലാമിന്റെ സംരക്ഷകരായി മാറ്റാനാണ് അദ്ദേഹത്തിന്റെ ശ്രമം.
ഭാരതത്തെ ‘ഫിത്ന അൽ ഹിന്ദുസ്ഥാൻ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അതിർത്തിയിൽ അശാന്തി പടർത്താനാണ് പാക് സൈന്യത്തിന്റെ നീക്കം. ഭാരതീയരും പാകിസ്താനികളും എല്ലാ അർത്ഥത്തിലും രണ്ട് രാഷ്ട്രങ്ങളാണെന്നും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഒരു കാര്യത്തിലും യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു. 2025 ഏപ്രിലിൽ ഇസ്‌ലാമാബാദിൽ നടന്ന പ്രവാസികളുടെ സമ്മേളനത്തിലും അദ്ദേഹം ഇതേ വിഷം ചീറ്റിയിരുന്നു. ബലൂചിസ്ഥാനിലെ വിമതരെ ‘ഫിത്ന അൽ ഖവാരിജ്’ എന്ന് വിളിച്ച് അവരെ മതഭ്രഷ്ടരായി ചിത്രീകരിക്കുന്ന മുനീർ, സൈനിക നടപടികൾക്ക് വിശുദ്ധ യുദ്ധത്തിന്റെ പരിവേഷം നൽകുന്നു.
പാകിസ്താൻ്റെ നിലനിൽപ്പിന്റെ അടിസ്ഥാനം ‘കലിമ’ ആണെന്ന് പറയുന്ന മുനീർ, സൈന്യത്തെ ഏഴാം നൂറ്റാണ്ടിലെ അറേബ്യൻ യുദ്ധതന്ത്രങ്ങളിലേക്ക് പിന്നോട്ട് നയിക്കുകയാണെന്ന് നിരീക്ഷകർ പറയുന്നു. ഭാരതത്തോടുള്ള സിവിൽസേഷൻ ശത്രുത നിലനിർത്തുന്നത് വഴി തന്റെ അധികാരം ഉറപ്പിക്കാനാണ് മുനീറിന്റെ ശ്രമം. എന്നാൽ കടക്കെണിയിൽ നിന്ന് കരകയറാൻ വഴിയില്ലാതെ ഉഴറുന്ന പാകിസ്താനിൽ ഈ മതവിഷം എത്രകാലം ഫലിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്













Discussion about this post