ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ഇന്ന് വെറുമൊരു കാഴ്ചക്കാരനല്ല, മറിച്ച് തീരുമാനങ്ങൾ എടുക്കുന്ന കരുത്തുറ്റ ശക്തിയാണെന്ന് വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോർജ് ബ്രെൻഡെ. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന 56-ാമത് വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വളർച്ച ആഗോള വ്യാപാര സമവാക്യങ്ങളെ മാറ്റിയെഴുതിയെന്നും ഇനി ഇന്ത്യയുടെ സ്വന്തം നിബന്ധനകളിൽ ലോകരാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പിനെ വെറുമൊരു വാഗ്ദാനമായല്ല, മറിച്ച് കൃത്യമായ കണക്കുകളുടെ പിൻബലമുള്ള യാഥാർത്ഥ്യമായാണ് ലോകം കാണുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഇന്ത്യ കൈവരിച്ച സാമ്പത്തിക പരിഷ്കാരങ്ങൾ അത്ഭുതകരമാണെന്ന് ബ്രെൻഡെ പറഞ്ഞു.ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ് ഭാരതം. ആഗോള സാമ്പത്തിക വളർച്ചയുടെ 20 ശതമാനവും ഭാരതത്തിന്റെ സംഭാവനയാണ്. ഭാരതം ഇനി ഒന്നിനും ധൃതി കാണിക്കേണ്ടതില്ല. രാജ്യത്തിന്റെ ദീർഘകാല വികസനത്തിന് ഗുണകരമാകുമ്പോൾ മാത്രം വിദേശ രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഒപ്പിടാൻ ഇന്ത്യയ്ക്ക് സാധിക്കും.കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ ഭാരതത്തിലുണ്ടായ സാമ്പത്തിക മാറ്റങ്ങൾ ആഗോള നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
യൂറോപ്യൻ യൂണിയനുമായും അമേരിക്കയുമായും കരാറുകൾ വരുന്നു. അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും (EU) ഭാരതം ഉടൻ തന്നെ നിർണ്ണായകമായ വ്യാപാര കരാറുകളിൽ ഏർപ്പെടുമെന്നാണ് സൂചന.
ഇന്ത്യ-ഇയു കരാർ: വർഷങ്ങളായി നീണ്ടുപോയ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ (FTA) ജനുവരി 27-ന് ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. കൃഷി ഒഴികെയുള്ള മറ്റ് മേഖലകളിൽ ഭാരതത്തിന് വലിയ നേട്ടമുണ്ടാക്കുന്ന കരാറാണിത്.ട്രംപ് ഭരണകൂടം ചുമത്തിയ 50 ശതമാനം താരിഫ് നിലനിൽക്കുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര താല്പര്യങ്ങൾ ഒരു കരാറിൽ എത്താൻ പ്രേരണ നൽകുമെന്ന് ബ്രെൻഡെ പറഞ്ഞു.
“ഭാരതം ഇന്ന് ലോക പ്രവണതകൾക്ക് അനുസരിച്ച് മാറുന്നവരല്ല, മറിച്ച് ആഗോള പ്രവണതകളെ രൂപപ്പെടുത്തുന്നവരാണ്. ഭാരതത്തിന്റെ ശബ്ദം ഇന്ന് ലോകം ശ്രദ്ധയോടെ കേൾക്കുന്നു.” – ബോർജ് ബ്രെൻഡെ.
ദാവോസിൽ ഇത്തവണ ഭാരതത്തിന്റെ സാന്നിധ്യം റെക്കോർഡ് തലത്തിലാണ്. 10,000 ചതുരശ്ര അടിയിൽ ഒരുക്കിയിട്ടുള്ള ഭാരതീയ പവിലിയൻ ദാവോസിലെ ഏറ്റവും വലിയ കേന്ദ്രമാണ്. പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും നൂറിലധികം സിഇഒമാരും ഇന്ത്യയെ പ്രതിനിധീകരിച്ച് ഇവിടെയെത്തിയിട്ടുണ്ട്.











Discussion about this post