മുംബൈ : രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷനായ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) മേയർ സ്ഥാനത്തേക്ക് ഇത്തവണ ബിജെപിയുടെ ഒരു വനിതാ കൗൺസിലർ എത്തും. മുംബൈയിലെ അടുത്ത മേയർ ജനറൽ വിഭാഗത്തിൽ നിന്നുള്ള ഒരു സ്ത്രീയായിരിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. ആറ് ബിജെപി വനിതാ കൗൺസിലർമാരാണ് പരിഗണനയിലുള്ളത്.
മഹാരാഷ്ട്രയിലെ ഓരോ മുനിസിപ്പൽ സ്ഥാപനത്തിലെയും വരാനിരിക്കുന്ന ടേമിലേക്ക് ഏത് വിഭാഗം നയിക്കുമെന്ന് നിർണ്ണയിക്കാൻ വ്യാഴാഴ്ച നഗരവികസന വകുപ്പ് ഒരു നറുക്കെടുപ്പ് നടത്തിയിരുന്നു. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ ജനറൽ വിഭാഗത്തിൽ നിന്നുള്ള ഒരു സ്ത്രീയായിരിക്കും നേതൃത്വം നൽകുകയെന്ന് നറുക്കെടുപ്പിൽ സ്ഥിരീകരിച്ചു. ബിജെപിയിലെ ആറ് വനിതാ കൗൺസിലർമാരുടെ പേരുകളാണ് മേയർ സ്ഥാനത്തേക്ക് ഏറ്റവും പ്രധാനമായി പരിഗണിക്കപ്പെടുന്നത്. മൂന്ന് തവണ കൗൺസിലർമാരായ സിയോണിൽ നിന്നുള്ള രാജശ്രീ ഷിർവാദ്കർ, ബാന്ദ്ര വെസ്റ്റിൽ നിന്നുള്ള അൽക കെർക്കർ, രണ്ട് തവണ കൗൺസിലർമാരായ ഫോർട്ടിൽ നിന്നുള്ള ഹർഷിത നർവേക്കർ, ഗോരേഗാവിൽ നിന്നുള്ള പ്രീതി സീതം, മലാഡിൽ നിന്നുള്ള യോഗിത കോഹ്‌ലി, ഘാട്‌കോപ്പറിൽ നിന്നുള്ള റിതു താവ്‌ഡെ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ദാവോസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനുശേഷം മാത്രമേ മുംബൈ മേയർ സ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ എന്ന് ബിജെപി അറിയിച്ചു.










Discussion about this post