ന്യൂഡൽഹി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ രാജ്യത്തിന്റെ സൈനിക ശക്തിയുടെയും ആത്മനിർഭർ ഭാരതത്തിന്റെയും പ്രതീകമായി ‘ഓപ്പറേഷൻ സിന്ദൂർ’ പശ്ചാത്തലമായുള്ള ആയുധശേഖരങ്ങൾ ശ്രദ്ധാകേന്ദ്രമായി. കർത്തവ്യ പഥിൽ നടന്ന ഗംഭീരമായ പരേഡിൽ ബ്രഹ്മോസ് മിസൈൽ സംവിധാനവും എസ്-400 വ്യോമപ്രതിരോധ കവചവും തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ആയുധങ്ങളും അണിനിരന്നു.
പാകിസ്താനിലെ ഭീകരതാവളങ്ങൾ തകർക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ൽ നിർണ്ണായക പങ്കുവഹിച്ച ആയുധങ്ങളാണ് ഇത്തവണ പരേഡിലെ പ്രധാന ആകർഷണം. മൂന്ന് സൈനിക വിഭാഗങ്ങളുടെയും സംയുക്ത കരുത്ത് വിളിച്ചോതുന്ന ഒരു പ്രത്യേക ടാബ്ലോ പരേഡിൽ പ്രദർശിപ്പിച്ചു. ഈ ഓപ്പറേഷനിൽ പാക് യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ട എസ്-400 മിസൈൽ സംവിധാനവും ശത്രുതാവളങ്ങൾ കൃത്യതയോടെ തകർത്ത ബ്രഹ്മോസ് മിസൈലും ഈ പ്രദർശനത്തിന്റെ ഭാഗമായിരുന്നു.
അതിവേഗവും കൃത്യതയും ഒത്തുചേരുന്ന ബ്രഹ്മോസ് മിസൈൽ ഇന്ത്യയുടെ ആക്രമണോത്സുകമായ സൈനിക ശേഷിയുടെ അടയാളമായി മാറി.ഇന്ത്യയുടെ ആകാശത്തിന് ‘സുദർശന ചക്ര’മെന്ന പോലെ സുരക്ഷയൊരുക്കുന്ന റഷ്യൻ നിർമ്മിത വ്യോമപ്രതിരോധ സംവിധാനം ആദ്യമായാണ് പരേഡിൽ അണിനിരന്നത്. ഭാവിയെ മുന്നിൽ കണ്ട് സൈന്യം വികസിപ്പിച്ച ‘ശക്തിബാൺ’ ‘ദിവ്യാസ്ത്ര’ എന്നീ ഡ്രോൺ വേധ സംവിധാനങ്ങളും പ്രദർശിപ്പിച്ചു. ഇവയിൽ സ്വാം ഡ്രോണുകൾ ലോയിറ്ററിംഗ് മ്യുണിഷൻസ് എന്നിവ ഉൾപ്പെടുന്നു.
300 കിലോമീറ്റർ ദൂരപരിധിയുള്ള ഉപരിതല-ഉപരിതല റോക്കറ്റ് ലോഞ്ചറായ സൂര്യസ്ത്രയും ഇത്തവണ അരങ്ങേറ്റം കുറിച്ചു.
മറ്റ് സവിശേഷതകൾ: യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരായിരുന്നു പരേഡിലെ മുഖ്യാതിഥികൾ. 150 വർഷം തികയുന്ന വന്ദേമാതരത്തിന്റെ സ്മരണ പുതുക്കി ‘വിരാസത്, വിദ്യുത ഔർ വികാസ്’ എന്ന പ്രമേയത്തിലാണ് ആഘോഷങ്ങൾ നടന്നത്.
കരസേനയുടെ പുനഃസംഘടനയുടെ ഭാഗമായി രൂപീകരിച്ച ഭൈരവ് ലൈറ്റ് കമാൻഡോ യൂണിറ്റും ശക്തിബാൺ റെജിമെന്റും ആദ്യമായി പരേഡിൽ പങ്കെടുത്തു. വ്യോമാക്രമണത്തിൽ ഏഴ് യുദ്ധവിമാനങ്ങൾ അണിനിരന്ന ‘സിന്ദൂർ ഫോർമേഷൻ’ കാണികളിൽ ആവേശം നിറച്ചു. ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയും ആധുനിക യുദ്ധതന്ത്രങ്ങളിലേക്കുള്ള സൈന്യത്തിന്റെ മാറ്റവും ലോകത്തിന് മുന്നിൽ വിളിച്ചോതുന്നതായിരുന്നു ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ്.













Discussion about this post