തിരുവനന്തപുരം : മലപ്പുറം തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിന് ആശംസകൾ അറിയിച്ച് കോൺഗ്രസ് എംപി ശശി തരൂർ. തിരുനാവായയിലെ നിളാ തീരത്ത് നടക്കുന്ന കുംഭമേള സാംസ്കാരിക നവോത്ഥാനത്തെ ആണ് പ്രതിനിധീകരിക്കുന്നതെന്ന് ശശി തരൂർ സൂചിപ്പിച്ചു. ഭാരതപ്പുഴയുടെ തീരത്ത് ഒത്തുചേരുന്ന സംഘാടകർക്കും ഭക്തജനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
“കേരളീയ സംസ്കാരം എഴുതപ്പെട്ട മഷിയാണ് നിളാനദി. തവനൂർ-തിരുനാവായ മാഹാമാഘ മഹോത്സവത്തിന്റെ (മാമാങ്കം) പുനരുജ്ജീവന ആഘോഷങ്ങളിൽ ആത്മീയമായി പങ്കുചേരാൻ സാധിക്കുന്നത് ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. സാമൂതിരിമാരുടെ യുദ്ധവീര്യത്തിന്റെ ചരിത്രം മുതൽ ‘കേരളത്തിന്റെ കുംഭമേള’ എന്നറിയപ്പെടുന്ന ഇന്നത്തെ ആത്മീയ ചൈതന്യം വരെ, ഈ ഉത്സവം മനോഹരമായ ഒരു സാംസ്കാരിക നവോത്ഥാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഭാരതപ്പുഴയുടെ തീരത്ത് ഒത്തുചേരുന്ന സംഘാടകർക്കും ഭക്തജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഈ ഉത്സവം നമ്മുടെ ഐതിഹാസികമായ ഭൂതകാലത്തെയും സൗഹാർദ്ദപരമായ ഭാവികാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായി മാറട്ടെ,” എന്ന് ശശി തരൂർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു കുറിപ്പിലൂടെ സൂചിപ്പിച്ചു.








