അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ചരിത്രവിജയം നേടിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിനെ പ്രശംസിച്ച് ഹർഷ ഭോഗ്ലെ പങ്കുവെച്ച പോസ്റ്റ് മൈക്കൽ വോണിന്റെ പരിഹാസത്തിന് ഇരയായി. ഇന്ത്യൻ ക്രിക്കറ്റ് നിലവിൽ മികച്ച നിലയിലാണെന്ന ഭോഗ്ലെയുടെ പ്രസ്താവനയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മോശം ഫോം ചൂണ്ടിക്കാട്ടിയാണ് വോൺ രംഗത്തെത്തിയത്.
ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റിലെ ആധിപത്യം എടുത്തുപറഞ്ഞായിരുന്നു ഹർഷ ഭോഗ്ലെയുടെ എക്സ് (X) പോസ്റ്റ്:”ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ വളരെ മികച്ച ഒരു സ്ഥാനത്താണ്. ടി20 ലോകകപ്പ് ചാമ്പ്യന്മാർ, വനിതാ ലോകകപ്പ് ചാമ്പ്യന്മാർ, അണ്ടർ-19 ലോകകപ്പ് ചാമ്പ്യന്മാർ, ഏകദിന ലോകകപ്പിലെ റണ്ണേഴ്സ് അപ്പ്.”
ഇന്ത്യയുടെ നേട്ടങ്ങളെ അംഗീകരിക്കുമ്പോഴും ടെസ്റ്റ് ക്രിക്കറ്റിലെ സമീപകാല തകർച്ചയെ വോൺ പരിഹസിച്ചു. “ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യമോ?” (What about Test cricket?) എന്നാണ് വോൻ ചോദിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി റെഡ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ നേരിടുന്ന കനത്ത പരാജയങ്ങളാണ് വോൺ ഇതിലൂടെ ലക്ഷ്യം വെച്ചത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ 2024 ടി20 ലോകകപ്പും 2025 ചാമ്പ്യൻസ് ട്രോഫിയും നേടിയ ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റിൽ കാലിടറുകയാണ്.
അടുത്തിടെ സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ 0-2 ന് സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങിയിരുന്നു. 2024-ൽ ന്യൂസിലൻഡിനെതിരെയും സ്വന്തം മണ്ണിൽ 0-3 ന് ഇന്ത്യ തകർന്നിരുന്നു. ഇന്ത്യൻ ടീമിനെ മൊത്തത്തിൽ ട്രോളിയെങ്കിലും വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് പ്രകടനത്തെ വോൺ വാനോളം പുകഴ്ത്തി. 80 പന്തിൽ 175 റൺസ് നേടിയ വൈഭവിനെ കണ്ടപ്പോൾ, “ഈ അണ്ടർ-19 ബാറ്റിംഗ് നിരയ്ക്ക് നാളെ തുടങ്ങുന്ന ടി20 ലോകകപ്പിൽ പോലും സുഖമായി കളിക്കാനാകും” എന്നാണ് വോൺ കുറിച്ചത്












