ഭാരതത്തിന്റെ ആകാശസീമകൾ കൂടുതൽ സുരക്ഷിതമാക്കാൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കുന്നു. പാകിസ്താനെ വിറപ്പിച്ച ‘ഓപ്പറേഷൻ സിന്ദൂരിലെ’ ‘യഥാർത്ഥ ഹീറോ’യായ റഫാൽ യുദ്ധവിമാനങ്ങൾ കൂടുതൽ എണ്ണം സേനയുടെ ഭാഗമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വായുസേന വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ ആണ് റഫാലിന്റെ കരുത്തിനെ പ്രകീർത്തിച്ചുകൊണ്ട് വരാനിരിക്കുന്ന വൻ മാറ്റങ്ങളുടെ സൂചന നൽകിയത്. 114 മൾട്ടി റോൾ ഫൈറ്റർ എയർക്രാഫ്റ്റുകൾ (MRFA) വാങ്ങാനുള്ള സുപ്രധാന തീരുമാനം കേന്ദ്ര പ്രതിരോധ മന്ത്രാലയം ഉടൻ കൈക്കൊള്ളുമെന്നാണ് പുറത്തുവരുന്ന വിവരം.
ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ ഈ മഹാ ഇടപാട് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറുകളിൽ ഒന്നായിരിക്കും. ഈ മാസം അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിക്കാനിരിക്കെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ഈ പദ്ധതിക്ക് ഔദ്യോഗിക അനുമതി നൽകിയേക്കും. വ്യോമസേനയുടെ സ്ക്വാഡ്രണുകളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, അതിർത്തിയിലെ വെല്ലുവിളികൾ നേരിടാൻ റഫാൽ വിമാനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് വ്യോമസേന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിൽ 29 സ്ക്വാഡ്രണുകൾ മാത്രമുള്ള സേനയ്ക്ക് ചുരുങ്ങിയത് 42 സ്ക്വാഡ്രണുകളെങ്കിലും ഉണ്ടെങ്കിലേ ഇരുവശത്തുനിന്നുമുള്ള ഭീഷണി നേരിടാൻ സാധിക്കൂ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’ ആശയത്തിന് കരുത്തുപകരുന്നതാണ് പുതിയ കരാർ വ്യവസ്ഥകൾ. ആകെ വാങ്ങുന്ന 114 വിമാനങ്ങളിൽ 18 എണ്ണം മാത്രമായിരിക്കും ഫ്രാൻസിൽ നിന്ന് നേരിട്ട് എത്തുക. ബാക്കിയുള്ള 96 വിമാനങ്ങളും ഭാരതത്തിൽ തന്നെ നിർമ്മിക്കാനാണ് പദ്ധതി. ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷൻ ഇന്ത്യയിലെ സ്വകാര്യ മേഖലയുമായി സഹകരിച്ച് നിർമ്മാണം നടത്തുന്നതോടെ രാജ്യത്തെ എയ്‌റോസ്‌പേസ് മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. 60 ശതമാനത്തോളം തദ്ദേശീയ സാമഗ്രികൾ ഉപയോഗിച്ചാകും ഇവയുടെ നിർമ്മാണം. 88 സിംഗിൾ സീറ്റ് വിമാനങ്ങളും 26 ട്വിൻ സീറ്റ് വിമാനങ്ങളുമാണ് വ്യോമസേനയുടെ പട്ടികയിലുള്ളത്.










Discussion about this post