ന്യൂഡൽഹി : ആഗോള AI ഇംപാക്ട് ഉച്ചകോടിക്ക് ഇന്ന് ആരംഭമാകും. ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 20 വരെയാണ് ഈ വർഷത്തെ ആഗോള AI ഉച്ചകോടി നടക്കുന്നത്. ഇന്ത്യയാണ് ഈ വർഷം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഫെബ്രുവരി 16 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026 ഉദ്ഘാടനം ചെയ്യും.
നിരവധി ലോക രാഷ്ട്രത്തലവന്മാർ, മന്ത്രിമാർ, ആഗോള സാങ്കേതിക എക്സിക്യൂട്ടീവുകൾ, ഗവേഷകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള അനേകം പേർ ഉച്ചകോടിയിൽ പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ എന്നിവരുൾപ്പെടെ നിരവധി ആഗോള നേതാക്കൾ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ സന്ദർശിക്കും.
70,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള 10 വേദികളിലായി നടക്കുന്ന എക്സ്പോയിൽ ആഗോള സാങ്കേതിക കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവർ പങ്കെടുക്കും. ഓസ്‌ട്രേലിയ, ജപ്പാൻ, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, സെർബിയ, എസ്റ്റോണിയ, താജിക്കിസ്ഥാൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയുടെ പങ്കാളിത്തം ഉൾപ്പെടെ പതിമൂന്ന് രാജ്യ പവലിയനുകളും ഈ എക്സ്പോയിൽ ഉണ്ടായിരിക്കും.








