ടി20 ക്രിക്കറ്റ് ചരിത്രത്തിൽ സുവർണ്ണ അക്ഷരങ്ങളാൽ എഴുതപ്പെടേണ്ട ഒരു ദിനമായിരുന്നു ഫെബ്രുവരി 15. കൊളംബോയിൽ പാകിസ്ഥാനെ 61 റൺസിന് തകർക്കുക വഴി സൂര്യകുമാർ യാദവും സംഘവും തകർത്തെറിഞ്ഞത് റിക്കി പോണ്ടിംഗിന്റെ ഇതിഹാസ ഓസ്‌ട്രേലിയൻ ടീം കുറിച്ച റെക്കോഡുകളെയാണ്.
ഇന്നലെ പാകിസ്ഥാനെതിരെ നേടിയ വിജയം കേവലം ഒരു ജയമല്ല, മറിച്ച് ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ റെക്കോർഡുകളിലൊന്നാണ്. ഐസിസി ഇവന്റുകളിൽ തുടർച്ചയായ 16 വിജയങ്ങൾ എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കിയതോടെ, 2006-2007 കാലഘട്ടത്തിൽ ഓസ്‌ട്രേലിയ സ്ഥാപിച്ച 15 വിജയങ്ങളുടെ റെക്കോർഡ് പഴങ്കഥയായി.
2024 ടി20 ലോകകപ്പിൽ തോൽവി അറിയാതെ കിരീടമുയർത്തിയത് മുതൽ തുടങ്ങിയതാണ് ഇന്ത്യയുടെ ഈ പ്രയാണം. 2024 ടി20 ലോകകപ്പിൽ 8 വിജയങ്ങൾ നേടിയ ഇന്ത്യ കിരീടം നേടി, ശേഷം 2025 ചാമ്പ്യൻസ് ട്രോഫിയിൽ തുടർ വിജയങ്ങൾ നേടിയ ഇന്ത്യ അവിടെ കിരീടം ചൂടി. ഇപ്പോഴിതാ ഈ ലോകകപ്പിലും ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ചു നിൽക്കുകയാണ് ടീം.
ഒരു ടീമിനെതിരെ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന ടീമെന്ന റെക്കോർഡും ഇന്ത്യക്ക് സ്വന്തം. പാകിസ്ഥാനെതിരെ കളിച്ച 9 മത്സരങ്ങളിൽ എട്ടിലും ഇന്ത്യ വിജയിച്ചു. കൂടാതെ, ടി20 ലോകകപ്പിൽ തുടർച്ചയായി 11 വിജയങ്ങൾ നേടിയ ഇന്ത്യ തങ്ങളുടെ തന്നെ റെക്കോർഡ് ഒന്നുകൂടി മെച്ചപ്പെടുത്തി.












