ട്വന്റി 20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ പാകിസ്താനെ നാണം കെടുത്തി ഇന്ത്യ സൂപ്പർ എട്ടിലേക്ക് കുതിച്ചിരിക്കുകയാണ്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 61 റൺസിനാണ് ഇന്ത്യയുടെ ആധികാരിക ജയം. ഇന്ത്യ ഉയർത്തിയ 175 റൺസ് പിന്തുടർന്ന പാകിസ്താന് 18 ഓവറിൽ വെറും 114 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ടൂർണമെന്റിലെ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കി. ബഹിഷ്കരണ ഭീഷണികളും ഹസ്തദാന വിവാദങ്ങളും വിട്ടുമാറാത്ത അന്തരീക്ഷത്തിൽ നടന്ന മത്സരത്തിൽ മൈതാനത്ത് ഇന്ത്യയുടെ സമ്പൂർണ്ണാധിപത്യമാണ് ദൃശ്യമായത്. 40 പന്തിൽ 77 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്.
മത്സരത്തിലെ തോൽവിക്ക് പിന്നാലെ പാക് ഡ്രസ്സിങ് റൂം കടുത്ത നിരാശയിലാണെന്ന് മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സൻ പറഞ്ഞു. “ഡ്രസ്സിങ് റൂം മുഴുവൻ ശ്മശാന മൂകമായിരുന്നു. ഇന്ത്യക്കെതിരായ മത്സരം എത്രത്തോളം പ്രധാനമാണെന്ന് താരങ്ങൾക്കറിയാം. ഇഷാൻ കിഷന്റെ അസാമാന്യ പ്രകടനമാണ് കളി പാകിസ്താനിൽ നിന്ന് തട്ടിയെടുത്തത്,” ഹെസ്സൻ പറഞ്ഞു. പാക് നിരയിൽ 44 റൺസെടുത്ത ഉസ്മാൻ ഖാൻ മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി പാക് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചു. ഇന്ത്യയുടെ അച്ചടക്കമുള്ള ബൗളിംഗിന് മുന്നിൽ പാക് താരങ്ങൾക്ക് മറുപടിയുണ്ടായിരുന്നില്ല.
തോൽവിക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിലും (PCB) വലിയ പൊട്ടിത്തെറികൾ ആരംഭിച്ചു കഴിഞ്ഞു. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വിക്കെതിരെ മുൻ താരം ഷുഐബ് അക്തർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. “ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയാത്ത ഒരാൾ ചെയർമാനാകുമ്പോൾ ഇങ്ങനെ സംഭവിക്കും. ഒരു വിവരവുമില്ലാത്ത (ജാഹിൽ) ഒരാൾക്ക് വലിയ ഉത്തരവാദിത്തം നൽകുന്നത് ലോകത്തിലെ ഏറ്റവും വലിയ കുറ്റമാണ്,” അക്തർ തുറന്നടിച്ചു. മത്സരം പാതിവഴിയിൽ ഉപേക്ഷിച്ച് നഖ്‌വി സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയതും വലിയ ചർച്ചയായിട്ടുണ്ട്. ഇതിനിടെ തോൽവി താങ്ങാനാവാതെ ഒരു പാക് ആരാധകൻ ടിവി തല്ലിപ്പൊളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താനുള്ള മോശം റെക്കോർഡ് ഇതോടെ 8-1 ആയി മാറി.











