ദിസ്പൂർ : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമിലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറി. മുൻ കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ഫെബ്രുവരി 22ന് ബിജെപിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ബിജെപിയിൽ ചേരുന്നതിന്റെ വിശദാംശങ്ങൾ അന്തിമമാക്കാൻ ബിജെപി സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് ഭൂപൻ ബോറയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഹിമന്ത ശർമ പറഞ്ഞു. 32 വർഷത്തെ കോൺഗ്രസിലെ പ്രവർത്തനത്തിന് ശേഷം ബോറ പാർട്ടി വിടാനുണ്ടായ കാരണങ്ങൾ കോൺഗ്രസ് പരിഗണിക്കണമായിരുന്നുവെന്നും അത്തരം സാഹചര്യങ്ങൾ തടയാൻ കോൺഗ്രസ് തിരുത്തൽ നടപടികൾ സ്വീകരിക്കണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ട് ദിവസങ്ങൾക്കു മുൻപ് ഭൂപൻ ബോറ കോൺഗ്രസിൽ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. രാഹുൽ ഗാന്ധിയും പാർട്ടി സംസ്ഥാന യൂണിറ്റ് മേധാവി ഗൗരവ് ഗൊഗോയിയും പിന്നീട് അദ്ദേഹവുമായി നടത്തിയ ചർച്ചകൾക്ക് ശേഷം രാജി പിൻവലിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. എന്നാൽ
ഭൂപൻ ബോറ രാജി പിൻവലിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും ഞങ്ങളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം അദ്ദേഹം ബിജെപിയിൽ ചേരാൻ തീരുമാനിച്ചു എന്നും ഹിമന്ത ശർമ വെളിപ്പെടുത്തി.
ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നവീൻ ഭൂപൻ ബോറയുടെ പാർട്ടി ചേരലിനെ ഇതിനകം അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി സൂചിപ്പിച്ചു. എളിയ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ബഹുമാനിക്കുന്ന പാർട്ടിയായതിനാൽ ബിജെപിയിൽ ചേരുന്നത് ഭൂപൻ ബോറയ്ക്ക് ഒരു തിരിച്ചുവരവായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂപൻ ബോറ ബിജെപിയിൽ ചേരുന്നത് കോൺഗ്രസ് ഇനി മുഖ്യധാരാ അസമീസ് ജനതയുടെ പാർട്ടിയല്ല എന്ന വ്യക്തമായ സന്ദേശം നൽകുമെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.








