ബോളിവുഡ് താരം സൽമാൻ ഖാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് സൽമാൻ ഖാനും കുടുംബാംഗങ്ങളും ഉടൻ തന്നെ ആശുപത്രിയിലെത്തി. സലിം ഖാന്റെ ആരോഗ്യത്തിനായി ആരാധകർ പ്രാർത്ഥനകൾ തുടരുന്നതിനിടയിൽ, പിതാവും മകനും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള പഴയ വെളിപ്പെടുത്തലുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
സൽമാൻ ഖാൻ എന്തുകൊണ്ടാണ് 58-ാം വയസ്സിലും അവിവാഹിതനായി തുടരുന്നത് എന്ന ചോദ്യത്തിന് സലിം ഖാൻ മുൻപ് നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സൽമാന്റെ പ്രണയങ്ങളെല്ലാം പരാജയപ്പെടാൻ കാരണം അദ്ദേഹത്തിന്റെ ചിന്താഗതിയിലെ വൈരുദ്ധ്യമാണെന്ന് സലിം ഖാൻ പറയുന്നു. തന്നോടൊപ്പം അഭിനയിക്കുന്ന നടിമാരുമായാണ് സൽമാൻ മിക്കപ്പോഴും പ്രണയത്തിലാകുന്നത്. എന്നാൽ വിവാഹശേഷം അവർ സിനിമ ഉപേക്ഷിച്ച് വീട്ടിലിരിക്കണമെന്നും തന്റെ അമ്മ സൽമ ഖാനെപ്പോലെ മക്കളെ സ്കൂളിൽ വിടാനും അവർക്ക് ഭക്ഷണം പാകം ചെയ്യാനും സമയം കണ്ടെത്തണമെന്നും സൽമാൻ ആഗ്രഹിക്കുന്നു. കരിയറിൽ വലിയ ലക്ഷ്യങ്ങളുള്ള സിനിമാതാരങ്ങളിൽ നിന്ന് ഇത്തരമൊരു വീട്ടമ്മയെ പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ലെന്നും അതാണ് എല്ലാ ബന്ധങ്ങളും തകരാൻ കാരണമെന്നും സലിം ഖാൻ തുറന്നു പറഞ്ഞിരുന്നു. ഓരോ കാമുകിയിലും സൽമാൻ സ്വന്തം അമ്മയെ തിരയാൻ ശ്രമിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സലിം ഖാൻ നടി ഹെലനെ രണ്ടാമത് വിവാഹം കഴിച്ച സമയത്ത് സൽമാനും പിതാവും തമ്മിലുണ്ടായ അകൽച്ചയെക്കുറിച്ചും വാർത്തകൾ വരുന്നുണ്ട്. സലിം ഖാൻ രണ്ടാമതും വിവാഹിതനായപ്പോൾ തന്റെ അമ്മ വലിയ വേദന അനുഭവിച്ചിട്ടുണ്ടെന്നും ആ സമയത്ത് പിതാവിനോട് തനിക്ക് ദേഷ്യമായിരുന്നുവെന്നും സൽമാൻ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. മാസങ്ങളോളം ഇരുവരും സംസാരിക്കാതിരുന്ന കാലവുമുണ്ടായിരുന്നു. എന്നാൽ പിന്നീട് മക്കളെ എല്ലാവരെയും വിളിച്ചിരുത്തി സലിം ഖാൻ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയായിരുന്നു. ഇന്ന് ഹെലനും സൽമ ഖാനും സൽമാന്റെ കുടുംബത്തിനൊപ്പം ഒരേ വീട്ടിൽ സന്തോഷത്തോടെയാണ് കഴിയുന്നത്. സലിം ഖാൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന ആശംസകളുമായി സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.








