പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം രാജ്യത്തെ റെയിൽവേ ജീവനക്കാർക്കായി ഉൽപ്പാദനക്ഷമതയെ അടിസ്ഥാനമാക്കിയുള്ള ബോണസ് (പി.എൽ.ബി) പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ഏകദേശം 11.4 ലക്ഷത്തോളം വരുന്ന നോൺ-ഗെസറ്റഡ് റെയിൽവേ ജീവനക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇതിനായി ആകെ 2,009.61 കോടി രൂപയുടെ തുകയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. ദുർഗാ പൂജ, ദീപാവലി ആഘോഷങ്ങളുടെ മുന്നോടിയായാണ് ജീവനക്കാർക്ക് ഈ ആനുകൂല്യം നൽകുന്നത്.
രാജ്യത്തിന്റെ ചരക്കുനീക്കത്തിലും യാത്രാസേവനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച റെയിൽവേ ജീവനക്കാരുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായാണ് ഈ ബോണസ് നൽകുന്നതെന്ന് മന്ത്രിസഭ വ്യക്തമാക്കി. ട്രാക്ക് മെയിന്റെയ്നർമാർ, ലോക്കോ പൈലറ്റുകൾ, ട്രെയിൻ മാനേജർമാർ, സ്റ്റേഷൻ മാസ്റ്റർമാർ, ടെക്നീഷ്യന്മാർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഗ്രൂപ്പ് സി ജീവനക്കാർക്ക് ഈ ബോണസ് ലഭിക്കും. അർഹരായ ഓരോ ജീവനക്കാരനും പരമാവധി 17,951 രൂപ വരെ ബോണസ് തുകയായി ലഭിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.
ജീവനക്കാരുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും റെയിൽവേയുടെ മുന്നേറ്റത്തിന് കൂടുതൽ ഊർജം പകരുന്നതിനുമാണ് ഈ പദ്ധതിയെന്ന് സർക്കാർ അറിയിച്ചു. ഉത്സവ സീസണിന് തൊട്ടുമുമ്പ് ലഭിക്കുന്ന ഈ സാമ്പത്തിക സഹായം ജീവനക്കാർക്ക് വലിയ ആശ്വാസമാകും. റെയിൽവേ ജീവനക്കാരുടെ ആവശ്യങ്ങളും പ്രതീക്ഷകളും പരിഗണിച്ചാണ് കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം.












