വിമാന യാത്രയ്ക്കിടെ പവർബാങ്കിന് തീപിടിച്ച സംഭവത്തെ തുടർന്ന് പ്രത്യേക മോഡൽ പവർബാങ്ക് വിമാനങ്ങളിൽ കൊണ്ടുപോകുന്നത് വിലക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഉത്തരവ്. ‘മോബികിൻസ് എം.കെ-പി.ബി-04’ (MOBIKINS MK-PB-04) എന്ന മോഡൽ പവർബാങ്കിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കർശന നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതും ഇന്ത്യയിലേക്ക് വരുന്നതും രാജ്യത്തിനകത്ത് സർവീസ് നടത്തുന്നതുമായ എല്ലാ വിമാനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. യാത്രക്കാരുടെ ഹാൻഡ് ബാഗേജിലോ ചെക്ക്-ഇൻ ബാഗേജിലോ ചരക്കായിട്ടോ ഈ പവർബാങ്ക് കൊണ്ടുപോകാൻ പാടില്ലെന്ന് ഡയറക്ടർ ജനറൽ വീർ വിക്രം യാദവ് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരൻ വിമാനത്തിലെ ഓവർഹെഡ് ബിന്നിൽ സൂക്ഷിച്ചിരുന്ന പവർബാങ്കിന് തീപിടിച്ചതാണ് ഈ അടിയന്തര നടപടിക്ക് കാരണമായത്. തീപിടിത്തത്തെ തുടർന്ന് 191 യാത്രക്കാരുമായി പറന്ന വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് അടിയന്തരമായി തിരിച്ചുവിട്ട് സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും വിമാനത്തിനുള്ളിലെ പുക പരിഭ്രാന്തി സൃഷ്ടിച്ചു. ലിഥിയം-അയൺ ബാറ്ററികൾ കേടുപാടുകൾ സംഭവിക്കുമ്പോഴോ അമിതമായി ചൂടാകുമ്പോഴോ തീപിടിക്കാൻ സാധ്യത കൂടുതലാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എല്ലാ പവർബാങ്കുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നും ഈ പ്രത്യേക മോഡലിന് മാത്രമാണ് വിലക്കെന്നും ഡി.ജി.സി.എ അറിയിച്ചിട്ടുണ്ട്. യാത്രക്കാർ തങ്ങളുടെ പവർബാങ്കിന്റെ മോഡൽ നമ്പർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിംഗ് സമയത്തും ചെക്ക്-ഇൻ സമയത്തും യാത്രക്കാരെ ഈ സുരക്ഷാ നിർദ്ദേശം അറിയിക്കണം. കൂടാതെ യാത്രയ്ക്കിടയിൽ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം അമിതമായി ചൂടാവുകയോ പുക ഉയരുകയോ ചെയ്താൽ യാത്രക്കാർ ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ വിവരമറിയിക്കണമെന്നും മുന്നറിയിപ്പുണ്ട്.











