ന്യൂഡൽഹി : ന്യൂഡൽഹിയിൽ നടക്കുന്ന ആഗോള AI ഉച്ചകോടിയായ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 ൽ ഇന്ത്യയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. 24 മണിക്കൂറിനുള്ളിൽ 2.5 ലക്ഷത്തിലധികം AI ഉത്തരവാദിത്ത പ്രതിജ്ഞകൾ സ്വീകരിച്ചതോടെയാണ് ഇന്ത്യ ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഒരു AI ഉത്തരവാദിത്ത കാമ്പെയ്‌നിനായി ഉച്ചകോടിയിലെ സന്ദർശകരായ ജനങ്ങളിൽ നിന്നും സ്വീകരിക്കുന്ന പ്രതിജ്ഞയാണിത്. ഗ്ലോബൽ സൗത്തിൽ വച്ച് നടക്കുന്ന ആദ്യ AI ഉച്ചകോടിയാണ് ന്യൂഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്നത്.
24 മണിക്കൂറിനുള്ളിൽ 5000ത്തോളം സന്ദർശകർ എന്നത് മാത്രമായിരുന്നു കേന്ദ്രസർക്കാർ നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷം പേരാണ് AI ഉച്ചകോടിയിൽ സന്ദർശകരായി എത്തിയത്. ഇവരിൽ ബഹുഭൂരിഭാഗവും യുവാക്കൾ ആയിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ഈ വൻ പൊതുജന പങ്കാളിത്തത്തിന്റെ ഭാഗമായി ഫെബ്രുവരി 16 നും 17 നും ഇടയിൽ 250,946 സാധുവായ പ്രതിജ്ഞകൾ ശേഖരിച്ചതോടെ ഇന്ത്യ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം സ്വന്തമാക്കുകയായിരുന്നു. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ത്യയുടെ ഈ അസാധാരണ നേട്ടത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന നടത്തിയത്.








