ഭാരതത്തിന്റെ ഡിജിറ്റൽ വിപ്ലവത്തിന് ആഗോള അംഗീകാരം നൽകിക്കൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ പ്രശംസ. ലോകത്തിലെ മറ്റൊരു രാജ്യത്തിനും സാധിക്കാത്ത നേട്ടമാണ് 140 കോടി ജനങ്ങൾക്ക് ഡിജിറ്റൽ ഐഡന്റിറ്റി നൽകുന്നതിലൂടെ ഭാരതം കൈവരിച്ചതെന്ന് മക്രോൺ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമിറ്റ് 2026’-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ തനത് ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐ (UPI) സാധാരണക്കാരുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അത്ഭുതകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ദശകം മുൻപ് മുംബൈയിലെ ഒരു തെരുവ് കച്ചവടക്കാരന് മതിയായ രേഖകളില്ലാത്തതിനാൽ ഒരു ബാങ്ക് അക്കൗണ്ട് പോലും തുടങ്ങാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇന്ന് അതേ കച്ചവടക്കാരൻ തന്റെ മൊബൈൽ ഫോണിലൂടെ രാജ്യത്തെ ആരിൽ നിന്നും നിമിഷങ്ങൾക്കുള്ളിൽ പണം സ്വീകരിക്കുന്നു. ഈ മാറ്റം സാങ്കേതികവിദ്യ സാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിന്റെ മികച്ച ഉദാഹരണമാണെന്ന് മാക്രോൺ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
യുപിഐയോടുള്ള മാക്രോണിന്റെ താല്പര്യം ഇതാദ്യമായല്ല പുറത്തുവരുന്നത്. 2024-ൽ ജയ്പൂർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുൽഹാദ് ചായ കുടിച്ച ശേഷം യുപിഐ വഴി പണം നൽകിയത് മാക്രോണിനെ അത്ഭുതപ്പെടുത്തിയിരുന്നു. അന്ന് മോദി നേരിട്ട് യുപിഐയുടെ പ്രവർത്തന രീതി അദ്ദേഹത്തിന് വിശദീകരിച്ചു നൽകുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി 2024 ഫെബ്രുവരിയിൽ യുപിഐ സ്വീകരിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറി. എൻപിസിഐ (NPCI) ഇന്റർനാഷണലും ഫ്രഞ്ച് കമ്പനിയായ ലൈറയും (Lyra) തമ്മിലുള്ള കരാറിലൂടെ ഇന്ന് ഫ്രാൻസിലെത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും തങ്ങളുടെ യുപിഐ ആപ്പുകൾ ഉപയോഗിച്ച് അവിടെ പണമിടപാടുകൾ നടത്താൻ സാധിക്കുന്നുണ്ട്. ഭാരതം കെട്ടിപ്പടുത്ത ഡിജിറ്റൽ പൊതുസൗകര്യങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന മാക്രോണിന്റെ വാക്കുകൾ ആഗോളതലത്തിൽ ഭാരതത്തിന്റെ വളരുന്ന സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.








