റിയാദ് : ദീർഘകാല അഭിലാഷമായ ആണവായുധ ശേഷി കൈവരിക്കാൻ അമേരിക്കയുമായി കരാറിനൊരുങ്ങി സൗദി അറേബ്യ. ആണവ പദ്ധതി ചൂണ്ടിക്കാട്ടി ഇറാനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അതേ യുഎസ് സൗദി അറേബ്യയെ ആണവായുധം വികസിപ്പിക്കാൻ സഹായിക്കുമെന്നാണ് സൂചന. സൗദി അറേബ്യയ്ക്ക് രാജ്യത്തിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള യുറേനിയം സമ്പുഷ്ടീകരണം നടത്താനുള്ള അനുമതിയാണ് അമേരിക്കയുമായുള്ള നിർദ്ദിഷ്ട ആണവ കരാർ പ്രകാരം ലഭ്യമാകുക.
സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരത്തെ തന്നെ ആണവ താല്പര്യങ്ങളെക്കുറിച്ച് നിരവധി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. സൗദി അറേബ്യ ആണവായുധങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഇറാൻ ഒന്ന് വികസിപ്പിച്ചാൽ തന്റെ രാജ്യവും അത് പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ വർഷം, ആണവായുധങ്ങളുള്ള പാകിസ്താനുമായി സൗദി അറേബ്യ പ്രതിരോധ സഹകരണത്തിനുള്ള സുരക്ഷാ കരാറിൽ ഒപ്പുവച്ചിരുന്നത്.
അതേസമയം, ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) യുഎസ്-സൗദി കരാർ നിരീക്ഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആണവ ഇന്ധന സമ്പുഷ്ടീകരണം, ഇന്ധന നിർമ്മാണം, പുനഃസംസ്കരണം എന്നിവയായിരിക്കും നിരീക്ഷിക്കുക.













Discussion about this post