ശമ്പളത്തിന് പുറമെ ഒരു ചെറിയ തുക ബോണസ് കിട്ടാൻ കൊതിക്കുന്ന ഉദ്യോഗസ്ഥർക്കിടയിലേക്ക് കോടികളുടെ നോട്ടുകെട്ടുകൾ വാരിയെറിഞ്ഞ് ഒരു കമ്പനി ഉടമ ലോകശ്രദ്ധ നേടുന്നു. ചൈനയിലെ ഹെനാൻ കുവാങ്ഷാൻ ക്രെയിൻ (Henan Kuangshan Crane Co., Ltd) എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാർക്കായി 180 മില്യൺ യുവാൻ (ഏകദേശം 237 കോടി രൂപ) ബോണസായി വിതരണം ചെയ്തത്. ഫെബ്രുവരി 13-ന് നടന്ന കമ്പനിയുടെ വാർഷിക ആഘോഷത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിൽ പണം വിതരണം ചെയ്തത്. കമ്പനി കഴിഞ്ഞ വർഷം നേടിയ 270 മില്യൺ യുവാൻ ലാഭത്തിന്റെ 70 ശതമാനവും തൊഴിലാളികൾക്ക് നൽകാൻ ഉടമ തയ്യാറായതാണ് ഇപ്പോൾ ചർച്ചാവിഷയം.
7000-ഓളം ജീവനക്കാർ പങ്കെടുത്ത ചടങ്ങിൽ 60 മില്യൺ യുവാൻ നേരിട്ടാണ് വിതരണം ചെയ്തത്. വേദിയിൽ വലിയ മേശകളിൽ നോട്ടുകെട്ടുകൾ അടുക്കിവെച്ചിരുന്നു. ജീവനക്കാരെ വേദിയിലേക്ക് വിളിച്ച് പണം എണ്ണാൻ ആവശ്യപ്പെടുകയും നിശ്ചിത സമയത്തിനുള്ളിൽ അവർ എണ്ണിയെടുക്കുന്ന പണം മുഴുവൻ അവർക്ക് തന്നെ ബോണസായി നൽകുകയുമായിരുന്നു. കൈകളിൽ ഒതുങ്ങാത്ത അത്രയും നോട്ടുകെട്ടുകളുമായി ചിരിച്ചുകൊണ്ട് വേദിയിൽ നിന്നിറങ്ങുന്ന ജീവനക്കാരുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. മറ്റ് ഗൃഹോപകരണങ്ങൾ സമ്മാനമായി നൽകാനുള്ള തീരുമാനം റദ്ദാക്കിയ കമ്പനി ചെയർമാൻ കുയി പേജുൻ (Cui Peijun), എല്ലാവർക്കും അധികമായി 20,000 യുവാൻ കൂടി നൽകാൻ അപ്പോൾ തന്നെ ഉത്തരവിടുകയായിരുന്നു.
“പണം വെറുതെ നൽകുന്നത് എനിക്ക് ഇഷ്ടമുള്ളത് കൊണ്ടല്ല, മറിച്ച് കാർ ലോണും വീട് ലോണും കൊണ്ട് കഷ്ടപ്പെടുന്ന യുവാക്കൾക്ക് ഇതൊരു ആശ്വാസമാകട്ടെ എന്ന് കരുതിയാണ്,” എന്നാണ് ‘പണം നൽകാൻ ഇഷ്ടമുള്ള ബോസ്’ എന്ന വിളിപ്പേരിനോട് കുയി പ്രതികരിച്ചത്. 130-ലധികം രാജ്യങ്ങളിൽ പ്രവർത്തനമുള്ള ഈ ക്രെയിൻ നിർമ്മാണ കമ്പനി കഴിഞ്ഞ വർഷവും 170 മില്യൺ യുവാൻ ബോണസ് നൽകിയിരുന്നു. വനിതാ ദിനത്തിൽ മാത്രം 2000 വനിതാ ജീവനക്കാർക്കായി 1.6 മില്യൺ യുവാനാണ് ഇദ്ദേഹം വിതരണം ചെയ്തത്. മുതലാളിത്ത ലോകത്ത് തൊഴിലാളികളെ ചേർത്തുപിടിക്കുന്ന ഈ ചൈനീസ് കമ്പനിയുടെ മാതൃക ലോകമെമ്പാടുമുള്ള ജീവനക്കാർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.










