ഇറാനുമേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങൾ ആഗോള രാഷ്ട്രീയത്തിൽ പുതിയ അച്ചുതണ്ടുകൾ രൂപപ്പെടുത്തുന്നു. റഷ്യയുടെ എണ്ണ വ്യാപാരത്തെ തകർക്കാൻ കഴിഞ്ഞ ഒരു വർഷമായി ഡൊണാൾഡ് ട്രംപ് നടത്തിവന്ന നീക്കങ്ങൾ, അദ്ദേഹം തന്നെ തുടങ്ങിയ ഇറാൻ യുദ്ധത്തോടെ വഴിമാറുകയാണ്. ഉപരോധങ്ങളിൽ ശ്വാസംമുട്ടിയിരുന്ന റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് എണ്ണവിലയിലുണ്ടായ വൻ വർദ്ധനവ് പുതിയ ജീവൻ നൽകിയിരിക്കുകയാണ്.
റഷ്യയുടെ എണ്ണ വിപണി ഇല്ലാതാക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ അമേരിക്ക കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ഇറാനിലെ എണ്ണ ഉല്പാദന കേന്ദ്രങ്ങൾ ബോംബിട്ട് തകർക്കപ്പെട്ടതോടെ ലോകവിപണിയിൽ എണ്ണക്ഷാമം രൂക്ഷമായി. കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ റിഫൈനറികൾക്ക് അമേരിക്ക 30 ദിവസത്തെ പ്രത്യേക അനുമതി നൽകിയിരുന്നു. ആഗോള വിപണിയിൽ എണ്ണലഭ്യത ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ റഷ്യയ്ക്ക് മേലുള്ള കൂടുതൽ ഉപരോധങ്ങൾ അമേരിക്ക നീക്കിയേക്കും.
2026-ന്റെ തുടക്കത്തിൽ റഷ്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ബാരലിന് 59 ഡോളർ എന്ന നിരക്കിലായിരുന്നു റഷ്യ ബജറ്റ് തയ്യാറാക്കിയിരുന്നത്. എന്നാൽ ജനുവരിയിൽ വരുമാനം 2020-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഇറാൻ-ഇസ്രായേൽ യുദ്ധം തുടങ്ങിയതോടെ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തി. ഇത് യുക്രെയ്ൻ യുദ്ധത്തിനായി പണമില്ലാതെ വലഞ്ഞ പുടിന് ലഭിച്ച ‘വിലമതിക്കാനാവാത്ത സമ്മാനമായി’ നിരീക്ഷകർ കരുതുന്നു.
ഇതുവരെ ഉപരോധങ്ങൾ കാരണം ഡിസ്കൗണ്ട് നിരക്കിൽ വിറ്റിരുന്ന റഷ്യൻ എണ്ണയ്ക്ക് ഇനി മുതൽ ഉയർന്ന വില ലഭിച്ചേക്കും.










