ഭാരതത്തിന്റെ ആരോഗ്യരംഗത്തെയും പാരമ്പര്യ വൈദ്യശാസ്ത്രത്തെയും പ്രശംസ കൊണ്ട് മൂടി അമേരിക്കൻ സഞ്ചാരി. 148 ദിവസമായി ഇന്ത്യയിൽ കഴിയുന്ന ചാർലി ഇവാൻസാണ്, തനിക്ക് ഇന്ത്യയിൽ ലഭിച്ച മികച്ച ചികിത്സാ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. പാശ്ചാത്യ രാജ്യങ്ങളേക്കാൾ എത്രയോ മുകളിലാണ് ഇന്ത്യയിലെ ചികിത്സാ രീതിയെന്നും ആയുർവേദവും ആധുനിക വൈദ്യശാസ്ത്രവും ഇവിടെ ഒരേപോലെ ഫലപ്രദമാണെന്നും ഇവാൻസ് സാക്ഷ്യപ്പെടുത്തുന്നു. രാജസ്ഥാനിൽ വെച്ച് തൊണ്ടവേദനയും പനിയും ബാധിച്ച ചാർലി, ഋഷികേശിലെത്തിയ ശേഷമാണ് ചികിത്സ തേടിയത്. ഇന്ത്യയിലെ ആശുപത്രികളിൽ ചികിത്സ തേടുന്നത് ഇത്ര എളുപ്പമാണെന്ന് താൻ കരുതിയില്ലെന്നും ഇവാൻസിന്റെ വീഡിയോയിൽ പറയുന്നു.
ആയുർവേദ ഗുളികയായ യോഗി കാന്തികയും ഇന്ത്യൻ നിർമ്മിത കഫ് ഡ്രോപ്സുകളുമാണ് തന്നെ വേഗത്തിൽ സുഖപ്പെടുത്തിയതെന്ന് ഇവാൻസ് വീഡിയോയിൽ കാണിക്കുന്നു. “അമേരിക്കയിൽ ഇത്തരം മരുന്നുകൾ ലഭ്യമല്ല. ഇവിടുത്തെ ചേരുവകൾ അത്ഭുതകരമാണ്,” അദ്ദേഹം പറയുന്നു. ഇതിനുപുറമെ ഇന്ത്യൻ സുഹൃത്തുക്കൾ നൽകിയ സ്വാഭാവികമായ ഒറ്റമൂലികളെക്കുറിച്ചും ഇവാൻസ് വാചാലനായി. വിക്സിന് പകരമായി ഉപയോഗിക്കുന്ന ഹെർബൽ മരുന്നുകൾ ശ്വാസതടസ്സം മാറ്റാൻ മികച്ചതാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഫാർമസികളോ എമർജൻസി റൂമുകളോ ഇല്ലാതെ തന്നെ പല രോഗങ്ങൾക്കും ഭാരതീയരുടെ പക്കൽ പരിഹാരമുണ്ടെന്നും ഇത് തന്നെ ഏറെ ആകർഷിച്ചുവെന്നും ഇവാൻസ് കൂട്ടിച്ചേർത്തു.
ഇവാൻസിന്റെ വീഡിയോ വൈറലായതോടെ വിദേശികളടക്കം നൂറുകണക്കിന് ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. അമേരിക്കയിൽ ഒരു ഡോക്ടറെ കാണണമെങ്കിൽ ദിവസങ്ങളോളം കാത്തിരിക്കണമെന്നും ഇൻഷുറൻസ് ചെലവ് താങ്ങാനാവില്ലെന്നും പലരും ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വെറും 200 ഡോളറിന് (ഏകദേശം 16,000 രൂപ) ഒരു വർഷത്തെ ചികിത്സാ പരിരക്ഷ ലഭിക്കുമ്പോൾ അമേരിക്കയിൽ ഇതിന് പതിൻമടങ്ങ് തുക നൽകേണ്ടി വരുന്നുവെന്നും സോഷ്യൽ മീഡിയയിൽ ചർച്ചയായി. പ്ലാസ്റ്റിക് സർജറിക്ക് വരെ തുടക്കമിട്ട ഭാരതീയ വൈദ്യശാസ്ത്രം ലോകത്തിന് എന്നും മാതൃകയാണെന്നും ഹോമിയോപ്പതി, ആയുർവേദം, അലോപ്പതി എന്നിങ്ങനെ ഏത് ചികിത്സാ രീതിയും ഇന്ത്യയിൽ സാമ്പത്തിക ലാഭത്തോടെ ലഭ്യമാണെന്നും പ്രതികരണങ്ങൾ ഉയരുന്നു. ഭാരതത്തിന്റെ പാരമ്പര്യത്തെയും നൈപുണ്യത്തെയും ആദരിച്ച ചാർലി ഇവാൻസിന് നന്ദി പറയുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.








