പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന ഭാരതത്തിന്റെ 22 കപ്പലുകളും സുരക്ഷിതരാണെന്ന ആശ്വാസവാർത്തയുമായി കേന്ദ്ര സർക്കാർ. അമേരിക്കയും ഇസ്രായേലും ഇറാന്റെ മേൽ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ നൂറുകണക്കിന് കപ്പലുകൾ മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ കപ്പലുകളെല്ലാം സുരക്ഷിതരാണെന്ന ഔദ്യോഗിക സ്ഥിരീകരണം വരുന്നത്. ഇതിനിടെ, യുദ്ധമേഖലയിലൂടെ സാഹസികമായി യാത്ര ചെയ്ത് ഇന്ത്യൻ എണ്ണക്കപ്പലായ ‘ജഗ് ലാഡ്കി’ (Jag Laadki) ബുധനാഴ്ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേർന്നു.
യുഎഇയിലെ ഫുജൈറ തുറമുഖത്തുനിന്നും ഏകദേശം 80,886 മെട്രിക് ടൺ ക്രൂഡ് ഓയിലുമായാണ് ‘ജഗ് ലാഡ്കി’ എത്തിയത്. കപ്പലിൽ എണ്ണ നിറച്ചുകൊണ്ടിരുന്ന ഫുജൈറ പോർട്ടിന് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായെങ്കിലും അത്ഭുതകരമായാണ് ഇന്ത്യൻ കപ്പൽ രക്ഷപ്പെട്ടത്. അദാനി പോർട്സിന്റെ നേതൃത്വത്തിൽ അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് കപ്പലിനെ മുന്ദ്രയിൽ അടുപ്പിച്ചത്. ഇന്ധനക്ഷാമം നേരിടുന്ന ഭാരതത്തിന് ഈ എണ്ണക്കപ്പലിന്റെ വരവ് വലിയ ആശ്വാസമാണ് നൽകുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധം കാരണം ഇന്ത്യയിലേക്കുള്ള ഇന്ധന വരവ് നേരത്തെ സാരമായി ബാധിക്കപ്പെട്ടിരുന്നു.
ഭാരതത്തിന്റെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 88 ശതമാനവും എൽപിജിയുടെ 90 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധത്തിന് മുൻപ് പകുതിയിലധികം എണ്ണയും സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് എത്തിയിരുന്നത്. യുദ്ധം കാരണം ഹോർമുസ് കടലിടുക്ക് അടച്ചതോടെ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ എത്തിച്ച് പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും വ്യവസായങ്ങൾക്കുള്ള വാതക വിതരണത്തിലും ഹോട്ടലുകൾക്കുള്ള എൽപിജി വിതരണത്തിലും നിലവിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. ബാക്കിയുള്ള കപ്പലുകളെയും ഉടൻ തന്നെ സുരക്ഷിതമായി ഭാരതത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ നയതന്ത്രതലത്തിൽ പുരോഗമിക്കുകയാണ്.








