സ്റ്റേഷൻ വിട്ടുതുടങ്ങിയ വന്ദേ ഭാരത് എക്സ്പ്രസിന് പിന്നാലെ ഓടി ട്രെയിൻ നിർത്താൻ കൈകൂപ്പി യാചിക്കുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. പ്ലാറ്റ്‌ഫോമിലൂടെ ലഗേജുമായി ഓടുന്നതിനിടെ ട്രെയിനിലെ ലോക്കോ പൈലറ്റിനോട് ദയവായി വണ്ടി നിർത്തണമെന്ന് യാചിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്ത്രീയുടെ കനിവ് അപേക്ഷ കണ്ട ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത കുറയ്ക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. എന്നാൽ, ഈ സ്ത്രീക്ക് ഒടുവിൽ ട്രെയിനിൽ കയറാൻ സാധിച്ചോ എന്ന കാര്യത്തിൽ വീഡിയോയിൽ വ്യക്തതയില്ല.
വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ രീതിയിലുള്ള തർക്കങ്ങളും അഭിപ്രായപ്രകടനങ്ങളുമാണ് ഉയർന്നുവരുന്നത്. സ്ത്രീയുടെ ബുദ്ധിമുട്ട് കണ്ട് മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ച് ട്രെയിനിന്റെ വേഗത കുറച്ച ലോക്കോ പൈലറ്റിന്റെ പ്രവൃത്തിയെ ഒരു വിഭാഗം ആളുകൾ വാനോളം പുകഴ്ത്തുന്നു. എന്നാൽ, കൃത്യനിഷ്ഠയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകേണ്ട റെയിൽവേയിൽ ഇത്തരത്തിലുള്ള ഇളവുകൾ നൽകുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും കൃത്യസമയത്ത് സ്റ്റേഷനിൽ എത്തുന്ന മറ്റ് യാത്രക്കാരോട് ചെയ്യുന്ന അനീതിയാണെന്നും മറുവിഭാഗം വാദിക്കുന്നു. സുരക്ഷാ ചട്ടങ്ങൾ കാറ്റിൽപ്പറത്തി ഓടുന്ന ട്രെയിനിന് പിന്നാലെ അപായകരമായ രീതിയിൽ ഓടുന്നത് ഒഴിവാക്കി യാത്രക്കാർ കൃത്യസമയത്ത് തന്നെ സ്റ്റേഷനുകളിൽ എത്തണമെന്ന മുന്നറിയിപ്പും റെയിൽവേ അധികൃതർ നൽകുന്നുണ്ട്.












